ദമ്മാം: സൗദി കെഎംസിസി മുൻ ദേശീയ ട്രഷററും കിഴക്കൻ പ്രവിശ്യ കെഎംസിസിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്ന എഞ്ചിനീയർ സി. ഹാഷിമിന്റെ ഓർമ്മപുസ്തകം ‘യാ ഹബീബി’ ആഗസ്റ്റ് ആദ്യവാരം വായനക്കാർക്ക് മുന്നിലെത്തും. കണ്ണൂർ എടക്കാട് സ്വദേശിയായ ഹാഷിം, മൂന്നര പതിറ്റാണ്ടോളം കെഎംസിസിയുടെ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഫിറോസയാണ് അദ്ദേഹത്തിന്റെ ഭാര്യ.
സൗദി കിഴക്കൻ പ്രവിശ്യ കെഎംസിസി പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം, മൂന്നര പതിറ്റാണ്ടിലെ പ്രവാസ ജീവിതത്തിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രം അനാവരണം ചെയ്യുന്നു. 1970-കളുടെ അവസാനത്തിൽ സൗദിയിൽ ആരംഭിച്ച ചന്ദ്രിക റീഡേഴ്സ് ഫോറത്തിനു കീഴിൽ രൂപംകൊണ്ടവർ പിന്നീട് കേരള മുസ്‌ലിം കൾച്ചറൽ സെന്റർ (കെഎംസിസി) ആയി പരിണമിച്ചു. പ്രവാസികൾ ഒന്നടങ്കം ഏറ്റെടുത്ത ഈ കൂട്ടായ്മയുടെ ചരിത്രവും രാഷ്ട്രീയ, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലെ സേവനങ്ങളും ഈ പുസ്തകം വിവരിക്കുന്നു.
സി. ഹാഷിമിന്റെ പ്രവാസ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട്, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്‌ലിം ലീഗ് എം.പി.മാർ, എം.എൽ.എ.മാർ, ദേശീയ-സംസ്ഥാന ഭാരവാഹികൾ, കെഎംസിസിയുടെ വിവിധ രാജ്യങ്ങളിലെ നേതാക്കൾ, സൗദിയിലെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ-മാധ്യമ രംഗത്തെ പ്രമുഖർ, ഹാഷിമിന്റെ സഹപ്രവർത്തകർ എന്നിവരുടെ 110-ലധികം അനുഭവക്കുറിപ്പുകൾ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 600-ലധികം പേജുകളും അപൂർവ ചിത്രങ്ങളും മനോഹരമായ രൂപകല്പനയും പുസ്തകത്തെ സമ്പന്നമാക്കുന്നു.
കാദർ ചെങ്കള (രക്ഷാധികാരി), മുഹമ്മദ് കുട്ടി കോഡൂർ (ചെയർമാൻ), ആലിക്കുട്ടി ഒളവട്ടൂർ (ജനറൽ കൺവീനർ), മാമു നിസാർ (ഫിനാൻസ് കൺവീനർ), സി.പി. ശരീഫ് ചോലമുക്ക് (പബ്ലിസിറ്റി കൺവീനർ), സിദ്ദിഖ് പാണ്ടികശാല, റഹ്‌മാൻ കാരയാട് (സമിതിയംഗങ്ങൾ) എന്നിവരുടെ നേതൃത്വത്തിൽ പ്രമുഖ ചരിത്രകാരനും ഗ്രന്ഥകർത്താവുമായ മാലിക് മഖ്ബൂൽ ആലുങ്ങൽ (ചീഫ് എഡിറ്റർ), കാദർ മാസ്റ്റർ വാണിയമ്പലം (എക്സിക്യൂട്ടീവ് എഡിറ്റർ), അഷറഫ് ആളത്ത് (അസോസിയേറ്റ് എഡിറ്റർ), അമീറലി കൊയിലാണ്ടി, സിറാജ് ആലുവ, ഹമീദ് വടകര (സബ് എഡിറ്റർമാർ) എന്നിവരടങ്ങിയ പ്രസാധക സമിതിയാണ് ഈ പുസ്തകം തയ്യാറാക്കിയത്.
‘യാ ഹബീബി’ ഓർമ്മപുസ്തകത്തിന്റെ പ്രകാശനം ആഗസ്റ്റ് 4-ന് തിങ്കളാഴ്ച കണ്ണൂരിൽ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. കണ്ണൂർ ചേംബർ ഹാളിൽ വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ സൗദി കെഎംസിസി കുടുംബാംഗങ്ങൾ, മുസ്‌ലിം ലീഗ് പോഷക സംഘടനാ നേതാക്കൾ, കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുമെന്ന് കിഴക്കൻ പ്രവിശ്യ കെഎംസിസി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.