ജിദ്ദ: കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ഇ. അഹമ്മദ് സാഹിബ് മെമ്മോറിയൽ സൂപ്പർ-7 കപ്പിന് വേണ്ടിയുള്ള ഫുട്ബോൾ ടൂർണമെന്റ് മഹോത്സവം ജിദ്ദയിൽ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ സാഹിബ് എം.പി ഉദ്ഘടനം ചെയ്‌തു. ഫുട്ബോൾ പോലുള്ള കായിക വിനോദങ്ങൾ ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിനൊപ്പം പരസ്പര സ്നേഹവും ഐക്യവും ഊട്ടിയുറപ്പിക്കാനും സംഘടനാ പ്രവർത്തകരെ ഊർജസ്വലരാക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വി.പി. മുഹമ്മദ് അലി സാഹിബ്, എബിസി കാർഗോ പ്രധിനിധി ഷിബിലി, കുഞ്ഞിമോൻ കാക്കിയ, അഹമ്മദ് പാളയാട്ട് , കാദർ ചെർക്കള, ഇസ്മായിൽ മുണ്ടക്കുളം എന്നിവർ ആശംസകളർപ്പിച്ചു. വി.പി. മുസ്തഫ സ്വാഗതവും ഷൌക്കത്ത് ഞാറക്കോടൻ നന്ദിയും പറഞ്ഞു.


ഉദ്ഘാടനത്തോടനുബന്ധിച്ച് ആയിരക്കണക്കിന് വോളന്റിയർമാർ പങ്കെടുത്ത, വിവിധ കലാപ്രകടനങ്ങളും വർണാഭമായ വേഷവിധാനങ്ങളും അവതരിപ്പിച്ച മാർച്ച് പാസ്റ്റ് ശ്രദ്ധേയമായി. ജിദ്ദ കെഎംസിസി പ്രവർത്തകരുടെ സംഘശക്തിയും സർഗാത്മകതയും പ്രതിഫലിപ്പിച്ച ഈ മാർച്ച് പാസ്റ്റ് ജനക്കൂട്ടത്തിന്റെ പ്രശംസ പിടിച്ചുപറ്റി. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി വിപി മുസ്‌തഫ, ആക്ടിങ് പ്രസിഡണ്ട് എ.കെ ബാവ, ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം മാർച്ച് പാസ്റ്റ് അംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.
തുടർന്ന് നടന്ന ആദ്യ മത്സരത്തിൽ വയനാട് ജില്ലാ കെഎംസിസി പവർഹൗസ് വയനാട് എഫ് സി, രണ്ടാമത്തെ മത്സരത്തിൽ സി എം എ സി ഫൈസലിയ എഫ് സി,
മൂന്നാമത്തെ മത്സരത്തിൽ ബിറ്റ് ബോൾട്ട് എഫ്സി എന്നിവർ ജേതാക്കളായി.