ജുബൈൽ: ഇസ്ലാമിലെ വഖഫ് മഹത്തായ ഒരു കർമമാണെന്നും ലോകമൊട്ടുക്കും നൂറ്റാണ്ടുകളായി വിശ്വാസികൾ സ്രഷ്ടാവിൻ്റെ പ്രീതി മാത്രം ആഗ്രഹിച്ച്
സമൂഹ നൻമക്കായി തങ്ങളുടെ സമ്പത്തിൻ്റെ വിഹിതം നീക്കി വെക്കുന്ന സമ്പ്രദായം ഏറെ മാതൃകാ പരമാണെന്നും വഖഫ് സംരക്ഷണ സെമിനാർ അഭിപ്രായപ്പെട്ടു.
ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെൻ്ററിൻ്റെ കീഴിൽ സാമൂഹിക ചിന്തകളെ പരിപോഷിപ്പിക്കാനുള്ള വേദിയായ സ്റ്റെപ് സംഘടിപ്പിച്ച വഖഫ് പ്രത്യേകതകളും സംരക്ഷണവും എന്ന പ്രമേയത്തെ അധികരിച്ച് നടന്ന സെമിനാറിൽ
ജുബൈൽ ദഅവാ സെൻ്റർ പ്രബോധകൻ ഇബ്രാഹിം അൽ ഹികമി, ജുബൈൽ ഇൻ്റസ്ട്രിയൽ കോളേജ് ഫാക്കൽട്ടി അർശദ് ബിൻ ഹംസ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
പരിപാവനമായ വഖഫ് എന്ന സാങ്കേതിക പദം ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും വഖഫിൻ്റെ കൃത്യമായ ചിത്രം അടിസ്ഥാന പ്രമാണങ്ങളിൽ നിന്നും ഇസ്ലാമിക ചരിത്രത്തിൽ നിന്നും സമകാലിക സമൂഹത്തിന് പകർന്നു നൽകൽ വിശ്വാസികൾ ബാധ്യതയായി ഏറ്റെടുക്കണമെന്നും സെമിനാർ ആഹ്വാനം ചെയ്തു. വഖഫ് സംരക്ഷണം കാര്യക്ഷമമാക്കാനെന്ന പേരിൽ പുതുതായി നടപ്പിൽ വരുത്താൻ ശ്രമിക്കുന്ന വഖഫ് അമൻ്റ് മെൻ്റ് ആക്ടിലെ മിക്ക നിർദ്ദേശങ്ങളും ഭരണഘടനാവിരുദ്ധവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതും ശക്തമായി എതിർക്കപ്പെടേണ്ടതുമാണെന്നും വസ്തുതകൾ നിരത്തിക്കൊണ്ട് സെമിനാർ സമർത്ഥിച്ചു.
ജൂബൈലിലെ സാമൂഹ്യ സാംസ്കാരിക പ്രതിനിധികളായ അബ്ദുസ്സലാം ആലപ്പുഴ (കെ.എം.സി.സി.), രിയാസ് (ഒ.ഐ.സി.സി.), ഡോ.ജൗഷിദ് ( തനിമ ), ശിഹാബ് (തബ്ലീഗ്) എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റെപ്പ് പ്രതിനിധി ഷിയാസ് റഷീദ് മോഡറേറ്ററായിരുന്നു. ജുബൈൽ ഇസ് ലാഹി യൂത്ത് പ്രതിനിധി മുഹമ്മദ് നിയാസ് ആമുഖ ഭാഷണവും ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെൻ്റർ പ്രബോധകൻ സുബുഹാൻ സ്വലാഹി സമാപന പ്രസംഗവും നിർവ്വഹിച്ചു.