ജിസാൻ: മകനോടൊപ്പം താമസിക്കുന്നതിനും ഉംറ നിർവഹിക്കുന്നതിനുമായി സന്ദർശകവിസയിൽ ഭർത്താവുമൊത്ത് നാട്ടിൽനിന്നെത്തിയ ജമീലുമ്മയ്ക്ക് ജിസാനിലെ മണ്ണിൽ അന്ത്യവിശ്രമം. ജിസാനിൽ ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം താനൂർ ഓലപ്പീടിക സ്വദേശിനി ജമീല(55)ക്ക് ഭർത്താവും മക്കളും കുടുംബവും ജിസാനിലെ പ്രവാസി സമൂഹവും കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി. ഉമ്മയെ അവസാനമായി ഒരുനോക്കു കാണാൻ പെൺമക്കളായ സജീന, ജസീന, നസീന, റുബീന എന്നിവർ നാട്ടിൽ നിന്നെത്തിയിരുന്നു. ജിസാൻ അൽഗരവി മാർക്കറ്റിനു സമീപമുള്ള അമീറസീത്ത മസ്‌ജിദിൽ നടന്ന മയ്യിത്ത് നമസ്ക്കാരത്തിനും തുടർന്നുള്ള ഖബറടക്ക ചടങ്ങുകൾക്കും ഭർത്താവ് അലവിയും ജിസാനിൽ ജോലിചെയ്യുന്ന മകൻ ഹംസത്തുൽ സൈഫുള്ളയും നേതൃത്വം നൽകി.
ജമീലയുടെ കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും സൈഫുള്ളയുടെ കമ്പനി സഹപ്രവർത്തകരും ജിസാനിലെ സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ മയ്യിത്ത് നമസ്‌കാരത്തിലും ഖബറടക്ക ചടങ്ങിലും പങ്കെടുത്തു. കുടുംബവും ബന്ധുക്കളും ജിസാനിലെ പ്രവാസി മലയാളികളുമടക്കമുള്ള വൻ ജനാവലിയുടെ സാദ്ധിധ്യത്തിൽ ജിസാൻ പ്രിൻസ് മത്തിബ് ബിൻ അബ്‌ദുൾ അസീസ് റോഡിലുള്ള ഖബർസ്ഥാനിലാണ് മയ്യിത്ത് ഖബറടക്കിയത്.
അഞ്ചു മാസം മുമ്പാണ് ജമീല നാട്ടിൽ നിന്ന് സന്ദർശന വിസയിൽ ഭർത്താവ് അലവിക്കൊപ്പം ജിസാനിലുള്ള മകൻ ഹംസത്തുൽ സൈഫുള്ളയുടെ അടുത്തേക്ക് വന്നത്. ജിസാനിലെ ഫ്ലാറ്റിൽ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ജിസാൻ അൽഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജമീല ഈ മാസം 15 നാണ് മരിച്ചത്. ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മറ്റിയുടെ വെൽഫയർ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ജിസാനിൽ ഖബറടക്കുന്നതിനുള്ള എല്ലാ സഹായങ്ങളും നൽകിയത്.
കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ശംസുപൂക്കോട്ടൂർ, അബ്ദുൽ ഗഫൂർ മൂന്നിയൂർ, സിറാജ് പുല്ലൂരാൻപാറ, ബന്ധു നിസാർ സാഗർ, സാംപ്‌കോ കമ്പനി ഉടമ പ്രവീൺ കെ.പി, സൂപ്പർവൈസർ സൂരജ് എന്നിവരാണ് സഹായ സഹകരണങ്ങളുമായി രംഗത്ത് ഉണ്ടായിരുന്നത്. കെ.എം.സി.സി നേതാക്കളായ ഹാരിസ് കല്ലായി, ഗഫൂർ വാവൂർ, മൻസൂർ നാലകത്ത്, ജസ്‌മൽ വളമംഗലം, ബഷീർ ആക്കോട്, ശംസു സാംത്ത, വിവിധ സാമൂഹിക സംഘടനാ നേതാക്കളായ സിറാജ് കുറ്റ്യാടി(ഐ.സി.എഫ് ) ഫൈസൽ മേലാറ്റൂർ (ജല) സൗദിയുടെ വിവിധ ഭാഗത്തിൽ നിന്നെത്തിയ ബന്ധുക്കൾ തുടങ്ങി നിരവധി പേർ എത്തിയിരുന്നു. മുസ്തഫ സഅദി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജിസാൻ സാംപ്‌കോ ഇലക്ട്രിക് കമ്പനിയിൽ ജോലിചെയ്യുന്ന ഹംസത്തുൽ സൈഫുള്ള ഏകമകനാണ്. സൈഫുള്ള അടക്കം അഞ്ച് മക്കളാണ് ജമീല-അലവി ദമ്പതികൾക്കുള്ളത്. ജിസാനിലുള്ള ഷംനസനയെ കൂടാതെ അശ്‌റഫ്, ശംസു, റഫീഖ്, അസീസ് എന്നിവർ ജാമാതാക്കളാണ്.