ജിസാൻ: ‘ജല’ സാംത യൂണിറ്റ് സംഘടിപ്പിച്ച ഈദ് ആഘോഷ പരിപാടിയായ ” ഇശൽ നൈറ്റ്” ജിസാനിലെ പ്രവാസി മലയാളികൾക്ക് ഈദ് ആഘോഷത്തിന്റെ ആവേശവും ആഹ്ലാദവും പകർന്നു. സംഗീത വിരുന്നും നൃത്തനൃത്യങ്ങളും കോമഡി സ്കിറ്റും വിവിധ കലാപരിപാടികളും പ്രവാസികൾക്ക് ഹൃദ്യമായ അനുഭവമായി. സാംത അൽബൽസാം ഓഡിറ്റോറിയത്തിൽ നടന്ന ഈദ് ആഘോഷം ‘ജല’ കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി സലാം കൂട്ടായി ഉദ്ഘാടനം ചെയ്തു. മനുഷ്യസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യൂണിറ്റ് പ്രസിഡന്റ് അൽ അമീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ‘ജല’ രക്ഷാധികാരി എൻ.എം.മൊയ്തീൻ ഹാജി ചേലക്കര ഈദ് സന്ദേശം നൽകി. ‘ജല’ മുഖ്യ രക്ഷാധികാരി വെന്നിയൂർ ദേവൻ, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഫൈസൽ മേലാറ്റൂർ, സാംത ജനറൽ ആശുപത്രിയിൽ ദീർഘകാലമായി സേവനം അനുഷ്ഠിക്കുന്ന ആൻസി ജയിംസ് എന്നിവരെ ആദരിച്ചു. ‘ജല’ രക്ഷാധികാരിമാരായ സണ്ണി ഓതറ, സതീഷ് കുമാർ നീലാംബരി എന്നിവർ ആശംസകൾ നേർന്നു. യൂണിറ്റ് സെക്രട്ടറി ഹരിദാസ് സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.
വൈവിധ്യമാർന്ന ഗാനങ്ങൾ കോർത്തിണക്കി ആശ ഷിജു, കുഞ്ഞിമുഹമ്മദ് വയനാട്, സലിം പാലക്കാട്, ജലാൽ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് ആഘോഷ പരിപാടികൾക്ക് മികവേകി. കോമഡി സ്റ്റാർ ഫെയിം ഫൈസൽ കൊച്ചി അവതരിപ്പിച്ച കോമഡി സ്കിറ്റും ഹാസ്യകലാപരിപാടിയും കാണികളെ ചിരിപ്പിച്ചു. തീർത്ഥ സത്യൻ, ഫാത്തിമ ഫൈസ എന്നിവർ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ഏറെ ഹൃദ്യമായി. ഇശൽ നൈറ്റ് പരിപാടികൾക്ക് ഹർഷാദ് അമ്പയകുന്നുമ്മേൽ അവതാരകനായിരുന്നു. ഈദ് ആഘോഷ പരിപാടികളോടനുബന്ധിച്ചുള്ള സമ്മാന പദ്ധതിയിൽ വിജയികളായവർക്ക് എൻ.എം.മൊയ്തീൻ ഹാജി ചേലക്കര, അൽഅമീൻ, ഹംസ, സുരേഷ്, ഹരിദാസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജിസാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളുടെയും മലയാളി കുടുംബങ്ങളുടെയും നിറഞ്ഞ പങ്കാളിത്തം ആഘോഷപരിപാടികളിൽ പ്രകടമായിരുന്നു. ജോജോ തോമസ്, ശ്യാം കൃഷ്ണൻ, മോയിൻ ദുരൈയ്യ, മോഹൻദാസ്, സുന്ദരൻ, സുരേഷ്, സന്തോഷ്, സുരേഷ് ഹാക്കമ, രതീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.