റിയാദ് : നൂറുക്കണക്കിന് പ്രവാസി കുടുംബങ്ങൾ പങ്കെടുത്ത ഫാമിലി കോൺഫറൻസ് ഉജ്ജ്വലമായി സമാപിച്ചു. ജിസിസിയിൽ ഖത്തർ, കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ, മസ്കറ്റ്, ജിദ്ദ, ജുബൈൽ എന്നിവിടങ്ങളിൽ സംഘടിപ്പിച്ചതിന്റെ തുടർച്ചയായാണ് റിയാദിൽ കോൺഫറൻസിന് വേദിയായത്.
വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തിൽ മെയ് 23 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ശേഷം തുടങ്ങി 3 സെഷനുകളിലായി നടന്ന സമ്മേളനം ദമാം ഇസ് ലാമിക് കൾച്ചറൽ സെൻ്ററിലെ ശൈഖ് അബ്ദുൽ ജബ്ബാർ അബ്ദുള്ള അൽ മദീനി ഉൽഘാടനം ചെയ്തു. സമ്മേളന പ്രമേയത്തിൽ ബഹുമാന്യ പണ്ഠിതൻ ഹുസൈൻ സലഫി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
കുടുംബം – ആധുനിക പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ ശിഹാബ് എടക്കര അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്കായി പ്രത്യേക വേദിയിൽ ബാല സമ്മേളനം അരങ്ങേറി.
വ്യത്യസ്ഥ ആക്ടിവിറ്റികളുടെ സഹായത്തോടെ പ്രഭാഷകർ വിദ്യാർത്ഥികളുമായി സംവദിച്ചു. മറാത്ത് ഇസ് ലാമിക് കൾച്ചറൽ സെൻ്ററിലെ മലയാള വിഭാഗ പ്രബോധകൻ താജുദീൻ സലഫി , സുൽത്താന ഇസ് ലാമിക് കൾച്ചറൽ സെൻ്ററിലെ മലയാള വിഭാഗ പ്രബോധകൻ ഉമർ ഫാറൂഖ് മദനി , ആർ ഐ സി സി പ്രബോധകൻ അബ്ദുള്ള അൽ ഹികമി തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു. ഉമർ ഫാറൂഖ് വേങ്ങര , ജഅഫർ പൊന്നാനി , ഹിബത്തുള്ള സിപി വ്യത്യസ്ത സെഷനുകൾ നിയന്ത്രിച്ചു.

സമ്മേളനത്തോടനുബന്ധിച്ചു നടന്ന റിയാദ് കേന്ദ്രീകരിച്ചു നടക്കുന്ന സൗദിയിലെ ഖുർആൻ ഹദീസ് തുടർ പഠന സംരംഭമായ ക്യു.എച്ച്.എൽ.സി.യുടെ പതിനൊന്നാം ഘട്ട പരീക്ഷയിലെ വിജയികൾക്കുള്ള സമ്മാനദാനം ഹുസൈൻ സലഫി , ശിഹാബ് എടക്കര , താജുദ്ദീൻ സലഫി നൽകി.
കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി പി മുസ്തഫ , റിയാദ് മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ഉസ്മാൻ അലി പാലത്തിങ്കൽ, അൽ റയാൻ പോളിക്ലിനിക് എംഡി മുസ്താഖ് വി പി ആശംസകൾ അർപ്പിച്ചു.
സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടന പ്രതിനിധികളുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി. സമ്മേളനം ചർച്ച ചെയ്യുന്ന വിഷയങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി പ്രതീക്ഷക്കപ്പുറം സമ്മേളന നഗരി നിറഞ്ഞു കവിഞ്ഞു. കൃത്യമായ സമയ നിഷ്ഠയോടെ ഐ ടി സാങ്കേതിക സജ്ജീകരണങ്ങളോടെ ആഴ്ചകളുടെ തയ്യാറെടുപ്പോടെ നടന്ന സമ്മേളനം സംഘാടന മികവു കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധയാകർഷിച്ചു.
സമ്മേളനത്തിൻ്റെ മുന്നോടിയായി പ്രീ കോൺഫറൻസ്, വനിതാ സംഗമം, സ്ട്രീറ്റ് ദഅവ, പ്രതിനിധി സംഗമം,കുടുംബ സന്ദർശനങ്ങൾ, സോഷ്യൽ മീഡിയ പ്രൊമോഷൻ തുടങ്ങി വ്യത്യസ്ത പ്രചാരണ പരിപാടികൾ നടന്നിരുന്നു. സമൂഹത്തിലെ വ്യത്യസ്ഥ തലങ്ങളിലുള്ള പ്രവാസി സമൂഹത്തിന് നിലവിലുള്ള അപകടരമായ സാമൂഹ്യ സാഹചര്യങ്ങൾ തുറന്നു കാട്ടാനും ഇസ്ലാമിക ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് വിശ്വാസ വിശുദ്ധിയിൽ അധിഷ്ഠിതമായ കൃത്യമായ പ്രായോഗിക പരിഹാരങ്ങൾ നിർദ്ദേശിച്ചു ബോധ്യപ്പെടുത്താനും സമ്മേളനം ഏറെ സഹായകരമായി.