അൽഖോബാർ: പ്രവാസി വെൽഫെയർ അൽഖോബാർ റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച ഈദ് കപ്പ് 2025 ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. രണ്ട് ദിവസം നീണ്ടുനിന്ന ടൂർണമെന്റിൽ 12 ടീമുകൾ മാറ്റുരച്ചു. വാശിയേറിയ ഫൈനൽ മത്സരത്തിൽ ടീം ദഹിയ ചാമ്പ്യന്മാരായി. ഹൈനസ് ഡെവലപ്മെന്റിനെതിരെ നടന്ന ഫൈനലിൽ മുഴുവൻ സമയവും പെനാൽറ്റി ഷൂട്ടൗട്ടിലും സമനില പാലിച്ചതിനാൽ ടോസിലൂടെ ദഹിയ വിജയം നേടി.
പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹീം തിരൂർക്കാട് കിക്കോഫ് നടത്തി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. നിയാസ്, ബാസിൽ, അൻസാർ എന്നിവർ ടോപ് സ്കോറർമാരായി. ഇംതിയാസിനെ ബെസ്റ്റ് ഗോൾകീപ്പറായും, ഇംപക്സ് നൽകിയ 43 ഇഞ്ച് ടിവി നേടിയ നിയാസിനെ ടൂർണമെന്റിലെ ബെസ്റ്റ് പ്ലെയറായും തിരഞ്ഞെടുത്തു.


സമാപന ചടങ്ങ് പ്രവാസി വെൽഫെയർ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ ചാത്തമംഗലം ഉദ്ഘാടനം ചെയ്തു. അന്നേദിവസം മലർവാടി കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ടൂർണമെന്റിന്റെ വിജയത്തിന് സഹകരിച്ച എല്ലാവർക്കും ടൂർണമെന്റ് കമ്മിറ്റി കൺവീനർ സുനീർ, അസിസ്റ്റന്റ് കൺവീനർ ആരിഫലി, പ്രവാസി അൽഖോബാർ റീജിയണൽ പ്രസിഡന്റ് ഖലീലുറഹ്മാൻ എന്നിവർ നന്ദി അറിയിച്ചു. ഷെജീർ തൂണേരി, ജംഷീർ അൽ മുഹമ്മദ്, ബ്രയാൻ, സാബിക്, ഷിബിൻ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.