ജിദ്ദ- ജിദ്ദയിൽ ഇന്ന് സമാപിക്കുന്ന ഇസ്ലാമിക് ബിനാലെയും കൊച്ചി മുസിരിസ് ബിനാലെയും തമ്മിൽ യോജിക്കാവുന്ന നിരവധി മേഖലകളുണ്ടെന്നും ഇതിനായി കാത്തിരിക്കുകയാണെന്നും ലോക പ്രശസ്ത ക്യുറേറ്റർ ബോസ് കൃഷ്ണമാചാരി. ജിദ്ദ ഇസ്ലാമിക് ബിനാലെക്ക് സൗദി സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായി എത്തിയ ബോസ് കൃഷ്ണമാചാരി ദ മലയാളം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൊച്ചി മുസിരിസ് ബിനാലെയുമായി സഹകരിക്കാവുന്ന രീതിയിലുള്ള ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇസ്ലാമിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട മേഖലകൾക്ക് ജിദ്ദ ഇസ്ലാമിക് ബിനാലെ ഊന്നൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഇസ്ലാമുമായി ബന്ധപ്പെട്ട ചരിത്രങ്ങളുടെ പ്രധാന പഠനങ്ങളാണ് ബിനാലെയിലുള്ളത്. വിവിധ മ്യൂസിയങ്ങളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമായുള്ള 200-ലേറെ ഒബ്ജകടീവുകൾ പ്രദർശനത്തിനുണ്ട്. കൊച്ചി ബിനാലെയിലേക്ക് വരാൻ നിരവധി സൗദി കലാകാരൻമാർ വരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരൻമാർ കൊച്ചി ബിനാലെയിലേക്ക് വരുമെന്നും ബോസ് കൃഷ്ണമാചാരി പറഞ്ഞു.
സൗദി ഇസ്ലാമിക് ബിനാലെയിൽനിന്ന് നിരവധി കാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ട്. പ്രൊഫഷണലായിട്ടാണ് ബിനാലെ സംവിധാനിച്ചിരിക്കുന്നത്. ഇവിടെയുള്ള ചില കാര്യങ്ങളിൽ തന്റേതായ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാനിൽനിന്നുള്ള ഒറിജിനൽ പുസ്തകങ്ങൾ, യുദ്ധകാലത്തെ വസ്ത്രങ്ങൾ, ഇന്ത്യയിൽനിന്നുള്ളതടക്കം നിരവധി മ്യൂസിയം പീസുകൾ എല്ലാം ഇസ്ലാമിക് ബിനാലെയിൽ എത്തിച്ചിട്ടുണ്ട്. ഇവയെല്ലാം നാം കണ്ടു പഠിക്കേണ്ടതാണെന്നും ബോസ് കൃഷ്ണമാചാരി പറഞ്ഞു. മ്യൂസിയങ്ങളിലേക്ക് കുട്ടികളെ അടക്കം എത്തിക്കാനുള്ള രീതിയിൽ നാം മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര ക്യൂറേറ്ററും, സീനോഗ്രാഫറും, സാംസ്കാരിക പ്രവർത്തകനുമായ ബോസ് കൃഷ്ണമാചാരി കഴിഞ്ഞ ദിവസമാണ് ജിദ്ദയിൽ എത്തിയത്. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെയും ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട സമകാലിക കലാ പരിപാടികളിലൊന്നായ കൊച്ചി-മുസിരിസ് ബിനാലെയുടെയും സഹസ്ഥാപകൻ കൂടിയാണ് ബോസ്. സർ ജെ.ജെ. സ്കൂൾ ഓഫ് ആർട്ടിൽ നിന്ന് ബിരുദം നേടിയ ബോസ് പിന്നീട്, ലണ്ടൻ സർവകലാശാലയിലെ ഗോൾഡ്‌സ്മിത്ത്‌സിൽ നിന്ന് ഫൈൻ ആർട്ടിൽ ബിരുദാനന്തര ബിരുദം നേടി. പെയിന്റിംഗ്, ഇൻസ്റ്റാളേഷൻ, ഡിസൈൻ, ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡിംഗ് എന്നിവയിയിലും വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് ബോസ് കൃഷ്ണമാചാരി.
കൊച്ചി-മുസിരിസ് ബിനാലെ (2012), ആർക്കോ മാഡ്രിഡിലെ ഇന്ത്യൻ പവലിയൻ (2009), ചൈനയിലെ യിഞ്ചുവാൻ ബിനാലെ (2016) എന്നിവയുൾപ്പെടെ പ്രധാന ദേശീയ, അന്തർദേശീയ പ്രദർശനങ്ങൾ കൃഷ്ണമാചാരി ക്യൂറേറ്റ് ചെയ്തിട്ടുണ്ട്. ഗാലറി ഡിടിഎഎൽ ആർക്കിസ്റ്റിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറും ഗാലറി ബിഎംബിയുടെ സ്ഥാപകനുമാണ്. വിദ്യാഭ്യാസ, യാത്രാ പദ്ധതിയായ ലാവ (ലബോറട്ടറി ഓഫ് വിഷ്വൽ ആർട്ട്). ഏഷ്യ സൊസൈറ്റിയുടെ ഗെയിം ചേഞ്ചർ അവാർഡ്, ചാൾസ് വാലസ് അവാർഡ്, കേരള ലളിതകലാ അക്കാദമിയുടെ ‘ലൈഫ് ടൈം ഫെലോ’ തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. ആർട്ട് റിവ്യൂവിന്റെ ശക്തരായ നൂറു പേരുടെ പട്ടികയിൽ ബോസ് കൃഷ്ണമാചാരിയും ഇടം നേടി. മുംബൈ, ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിലായാണ് കൃഷ്ണമാചാരി താമസിക്കുന്നത്.
ഇത് രണ്ടാം തവണയാണ് കൃഷ്ണമാചാരി സൗദിയിൽ എത്തുന്നത്. നേരത്തെ അൽ ഉലയിൽ ഫ്യൂച്ചർ കൾച്ചർ സമ്മിറ്റിൽ പങ്കെടുക്കാനാണ് എത്തിയിരുന്നു. ആ ഉച്ചകോടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 150 സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തിരുന്നു.