നാളെ (ചൊവ്വാഴ്ച) വൈകീട്ട് നാല് മണിയോടെ മൂന്നുമുറി മുല്ലപ്പള്ളി വീട്ടുവളപ്പിൽ സംസ്‌കരിക്കും.
ദമാം- കഴിഞ്ഞ ദിവസം ദമാമിൽ അന്തരിച്ച പ്രമുഖ പ്രവാസി വ്യവസായിയും സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തകനുമായ തൃശൂർ കൊടകര സ്വദേശി മുല്ലപ്പള്ളി അപ്പൻ മേനോന്റെ (52) മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 12ന് ദമാമിൽ നിന്നും കോഴിക്കേട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോകുക. ചൊവ്വാഴ്ച രാവിലെ 7 മണിക്ക് കോഴിക്കോട് എത്തിക്കുന്ന മൃതദേഹം തൃശൂർ കൊടകര മൂന്നുമുറി മുല്ലപ്പള്ളി വീട്ടിൽ പൊതുദർശനത്തിനു ശേഷം വൈകിട്ട് നാല് മണിയോടെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിൽ ടി.വി കണ്ടു കൊണ്ടിരിക്കുന്നതിനിടെ അപ്പൻ മേനോൻ മരിച്ചത്.
മുപ്പത് വർഷമായി ദമാമിൽ പ്രവാസിയാണ് അപ്പൻ മേനോൻ. തുടക്കത്തിൽ ഒരു പ്രമുഖ കമ്പനിയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലായിരുന്നു ജോലി. പിന്നീട് ബിസിനസ് രംഗത്ത് ചുവടുറപ്പിച്ചു
ബിസിനസ് എക്സിബിഷനിൽ പങ്കെടുക്കുന്നതിനും മറ്റു ചർച്ചകൾക്കുമായി രണ്ടാഴ്ചയോളം ചൈനയിലായിരുന്ന അപ്പൻ മേനോൻ ശാരീരികമായ അസ്വാസ്ഥ്യങ്ങൾ ഉണ്ടായതിനെ തുടർന്നു ദമാമിലേക്ക് തന്നെ വരികയായിരുന്നു. വിദഗ്ധ ചികിത്സക്കായി വരും ദിവസം തന്നെ കേരളത്തിലേക്ക് മടങ്ങുന്നതിനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു അപ്പൻ മേനോൻ. പെട്ടന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ദമാമിലെ താമസ സ്ഥലത്തു ടെലിവിഷൻ കണ്ടുകൊണ്ടിരിക്കെ കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ത്യൻ സ്‌കൂൾ അധ്യാപികയായിരുന്ന വിജയശ്രീയാണ് ഭാര്യ. മക്കൾ കൃഷ്ണനുണ്ണി, മാധവനുണ്ണി, കേശവനുണ്ണി. സന്ദർശന വിസയിൽ ദമാമിലുള്ള മൂത്തമകൻ കൃഷ്ണനുണ്ണി മൃതദേഹത്തെ അനുഗമിക്കും. ചെറിയ പെരുന്നാൾ അവധിയായതിനെ തുടർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിൽ കാലതാമസം നേരിട്ടേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ അപ്പൻ മേനോന്റെ കൂട്ടുകാരും വ്യവസായ പ്രമുഖരുമായ അഹമ്മദ് പുളിക്കൽ (വല്ല്യാപ്പുക്ക ), രാജു കുര്യൻ, ഡോ. സിദ്ധീഖ് അഹമ്മദ്, മഞ്ഞളാംകുഴി ബാപ്പു തുടങ്ങിവർ നിരന്തരമായി സാധ്യമായ വഴികൾ ആരായുകയും ശ്രമങ്ങൾ തുടരുകയും ചെയ്തു. ഇതോടൊപ്പം സാമൂഹ്യ പ്രവർത്തകൻ നാസ് വക്കവും ഇക്കാര്യത്തിൽ ഇടപെട്ടു. ചെറിയ പെരുന്നാൾ ദിനമായ ഇന്നലെ രാവിലെ തന്നെ അപ്പൻ മേനോന്റെ മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള അനുമതി പത്രം ലഭ്യമാകുകയും ചെയ്തു. അനുമതി പത്രം ലഭിച്ചതോടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള ബാക്കി നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു. മൃതദേഹം ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറി പരിസരത്ത് ഇന്ന് ഉച്ചക്ക് ഒരു മണിക്ക് പൊതുദർശനത്തിന് വെക്കും.
കഴിഞ്ഞ മുപ്പതു വർഷമായി ദമാമിൽ പ്രവാസിയായ അപ്പൻ മേനോൻ സൗദിക്ക് പുറമെ നിരവധി രാജ്യങ്ങളിൽ വിശാലമായ സൗഹൃദത്തിനുടമയായിരുന്നു. നിരവധി സ്വദേശി വ്യവസായികളെ വ്യവസായ രംഗത്തേക്ക് കൈപിടിച്ച് കൊണ്ട് വരികയും അവർക്കു വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകി കൺസൽട്ടന്റ് മേഖലയിൽ മികവ് തെളിയിക്കുകയും ചെയ്തു. വളരെ സാധാരണക്കാർക്കിടയിലും ഏറെ ശ്രദ്ധിക്കപ്പെടാനായത് കഴിഞ്ഞ നിതാഖാത് കാലത്തും കോവിഡ് മഹാമാരിയുടെ ദുരന്തമുഖത്തും ഇദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. അധ്യാപക കുടുംബത്തിലാണ് അപ്പൻ മേനോൻ ജനിച്ചു വളർന്നത്. സംഗീത ആസ്വാദകൻ എന്ന നിലക്ക് പ്രവാസ ലോകത്തു നടക്കുന്ന കലാ സംഗീത വിരുന്നുകളിൽ ഒത്തുകൂടുകയും നിരവധി സംഗീത പരിപാടികൾക്ക് നേതൃത്വപരമായ പങ്കു വഹിക്കുകയും ചെയ്തിരുന്നു. പ്രവാസ ലോകത്തെ കലാകാരൻമാർക്കും അപ്പൻ മേനോൻ മികച്ച പിന്തുണയാണ് നൽകിയിരുന്നത്.