ജിദ്ദ: ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്) ജിദ്ദയുടെ 16-ാം വാര്‍ഷിക ആഘോഷം ‘അമൃതോത്സവം-2025’ എന്ന പേരില്‍ 2025 മെയ് 30-ന് വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ തഹ്ലിയ റോഡിലെ ലയാലി അല്‍ നൂര്‍ ഓഡിറ്റോറിയത്തില്‍ നടത്തും.
ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി മുഖ്യാതിഥിയാകും.
പിജെഎസ് ലേഡീസ് വിങ് അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, ഗുഡ് ഹോപ്പ് അക്കാദമി അവതരിപ്പിക്കുന്ന ഫ്യൂഷന്‍ തീം ഡാന്‍സ്, ഫിനോം അക്കാദമി അവതരിപ്പിക്കുന്ന സെമി-ക്ലാസിക്കല്‍ ഡാന്‍സ്, ഫൈസ ഗഫൂര്‍ അണിയിച്ചൊരുക്കുന്ന ഒപ്പന, സീത അനില്‍കുമാര്‍ അണിയിച്ചൊരുക്കുന്ന ഇന്‍ട്രോഡക്ഷന്‍ ഡാന്‍സ് എന്നിവ അരങ്ങേറും. അജിത് നീര്‍വിളാകന്റെ രചനയില്‍ സന്തോഷ് കടമ്മനിട്ട സംവിധാനം ചെയ്യുന്ന പിജെഎസ് ഡ്രാമ ടീം അവതരിപ്പിക്കുന്ന നൃത്ത-സംഗീത നാടകം ‘കഥാനായകന്‍’ പരിപാടിയുടെ ഭാഗമായി അരങ്ങേറും.
പിജെഎസിന്റെ മുന്‍ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന അന്തരിച്ച ഉല്ലാസ് കുറുപ്പിന്റെ സ്മരണാര്‍ഥം നല്‍കുന്ന ‘ഉല്ലാസ് കുറുപ്പ് മെമ്മോറിയല്‍ അവാര്‍ഡ്’ ഈ വര്‍ഷം ജിദ്ദയിലെ പത്രപ്രവര്‍ത്തകനായ ജാഫര്‍ അലി പാലക്കോടിന് നല്‍കാന്‍ തീരുമാനിച്ചു.
പിജെഎസിന്റെ സ്ഥാപക അംഗമായിരുന്ന അന്തരിച്ച ഷാജി ഗോവിന്ദിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി, ജിദ്ദയിലെ രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ ഡോ. ഷിബു തിരുവനന്തപുരത്തിന് ഈ വര്‍ഷത്തെ ‘ഷാജി ഗോവിന്ദ് മെമ്മോറിയല്‍ അവാര്‍ഡ്’ നല്‍കാനും തീരുമാനിച്ചു.
പിജെഎസ് അംഗങ്ങളുടെ മക്കളില്‍ പന്ത്രണ്ടാം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ കുട്ടിക്ക് നല്‍കുന്ന ‘എഡ്യൂക്കേഷന്‍ അവാര്‍ഡ്’ മുന്‍ എക്‌സിക്യൂട്ടീവ് അംഗമായ അജയകുമാറിന്റെ മകള്‍ ആര്‍ദ്ര അജയകുമാറിന് നല്‍കും.
ജിദ്ദയിലെ ആതുരസേവന രംഗത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച്, പിജെഎസ് സ്ഥാപക അംഗവും മെഡിക്കല്‍ വിങ് കണ്‍വീനറുമായ സജി കുറുങ്ങാടിനും, മുന്‍ ലേഡീസ് വിങ് കണ്‍വീനറുമായ ബിജി സജിക്കും പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ പ്രത്യേക അനുമോദനം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോഗ്രാം കണ്‍വീനര്‍ മാത്യു തോമസ് (0509736558), സന്തോഷ് നായര്‍ (0508646093), വിലാസ് കുറുപ്പ് (0551056087) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.