ജിദ്ദ: കുരുന്നുകൾക്ക് ഇസ്ലാമിന്റെ ബാലപാഠങ്ങൾ പകർന്നു നൽകാനും വിശുദ്ധ ഖുർആൻ പഠനം എളുപ്പമാക്കാനും ലക്ഷ്യമിട്ടുകൊണ്ട് ഷറഫിയ്യയിലെ അനസ്ബിൻ മാലിക് മദ്രസയിൽ ആരംഭിക്കുന്ന അൽ ഫിത്റ ഇസ്ലാമിക് പ്രീ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം അനസ് ബിൻ മാലിക് സെന്റർ ഡയറക്ടർ ശൈഖ് ഫായിസ് അസ്സഹലി നിർവ്വഹിച്ചു.
ഖുർആൻ, ഇസ്‌ലാമിക് സ്റ്റഡീസ് എന്നിവയോടൊപ്പം ഇംഗ്ലീഷ്, മാതമാറ്റിക്സ്, സോഷ്യൽ തുടങ്ങിയവയും ഉൾപ്പെടുത്തിയ സിലബസ് ആണ് അൽഫിത്റ പ്രീ സ്കൂളിലെ പാഠ്യപദ്ധതി. മൂന്ന് വയസ്സുള്ള 24 കുട്ടികൾക്കാണ് ആദ്യവർഷത്തിൽ പ്രവേശനം അനുവദിക്കുക. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികമാരാണ് ക്ലാസുകൾ നിയന്ത്രിക്കുന്നത്.
ജിദ്ദ അനസ്ബിൻ മാലിക് സെന്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജെ.ഡി.സി.സി. ആക്ടിംഗ് പ്രസിഡണ്ട് റഷീദ് ചേറൂർ അധ്യക്ഷത വഹിച്ചു. മുജാഹിദ് അൽഹികമി പറവണ്ണ ആമുഖഭാഷണം നിർവഹിച്ചു.
ജെ.ഡി.സി.സി. ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട് പദ്ധതി വിശദീകരിച്ചു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന ഭാരവാഹി സഫ് വാന്‍ ബറാമി അൽഹികമി മുഖ്യ പ്രഭാഷണം നടത്തി.
ജിദ്ദയിലെ റിട്ട. ഫയർഫോഴ്സ് മേധാവി ശൈഖ് അബ്ദുർറഹ്മാൻ, ജാലിയാത്ത് മലയാള വിഭാഗം മേധാവി ഉമർ കോയ മദീനി തുടങ്ങിയവർ ആശംസകൾ നേർന്നു. റഫീഖ് ഇരുവേറ്റി സ്വാഗതവും സൽമാനുൽ ഫാരിസ് നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും വേണ്ടി +966 53 561 8598 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.