ജിദ്ദ: പഴമയും പുതുമയും സമന്വയിച്ച സംഗീതനിശ. മാപ്പിളപ്പാട്ടുകളും ഹിന്ദി ഗാനങ്ങളും മലയാളം-തമിഴ് ചലച്ചിത്രഗാനങ്ങളും ആസ്വാദകരെ ആനന്ദത്തിലാറാടിച്ച ‘അക്ബര്‍ സംഗീതനിശ’ ജിദ്ദയിലെ കലാസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമായി. ട്രാവല്‍ ബിസിനസില്‍ സ്തുത്യര്‍ഹമായ സേവനത്തിന്റെ ചരിത്രം രചിച്ച അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യയുടെ സാരഥികളാണ് നാലു മണിക്കൂര്‍ നീണ്ട മെഗാ സംഗീതമേളയ്ക്ക് ആതിഥേയത്വം വഹിച്ചത്.
രണ്ടാം തവണയാണ് ഇത്തരമൊരു പാട്ടുരാവ് അക്ബര്‍ ഗ്രൂപ്പ് സംഘടിപ്പിക്കുന്നത്. സൗദിയുടെ മറ്റ് ഭാഗങ്ങളിലും ഇത്തരം ഗാനമേളകള്‍ സൗജന്യമായി അക്ബര്‍ ഗ്രൂപ്പ് നടത്തുന്നുണ്ട്. ട്രാവല്‍ ആന്റ് ടൂറിസത്തിനു പുറമെ പൊന്നാനി ഹിലാല്‍ പബ്ലിക് സ്‌കൂള്‍, ബെന്‍സി പോളിക്ലിനിക്ക്,് ബെന്‍കോ, ബെന്‍സി മൂവീസ്, ആഷിക തുടങ്ങി വിവിധ മേഖലകളില്‍ വിജയത്തിന്റെ വിസ്മയകരമായ കൈയൊപ്പ് പതിപ്പിച്ച അക്ബര്‍ ഗ്രൂപ്പിന് ജിദ്ദയിലെ ഉപഭോക്താക്കള്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ കെ.വി അബ്ദുല്‍ നാസര്‍ നന്ദി അറിയിച്ചു.

സൗദി നഗരങ്ങളില്‍ തുടര്‍ച്ചയായി കലാമേളകള്‍ക്ക് സാരഥ്യം വഹിക്കാന്‍ അക്ബര്‍ ഗ്രൂപ്പിന് പദ്ധതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്രൂപ്പ് സി.ഇ.ഒ ആഷിയനാസര്‍ ഗ്രൂപ്പിന്റെ വിവിധ പദ്ധതികള്‍ വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷം നടത്തിയ അക്ബര്‍ മ്യൂസിക്കല്‍ നൈറ്റില്‍ ഗാനങ്ങളാലപിച്ച് പേരെടുത്ത പ്രസിദ്ധ ഗായിക അസ്മ തിരൂരിന്റെ അകാല ചരമത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് സംഗീതമേള ആരംഭിച്ചത്. അസ്മ പാടി അഭിനയിച്ച രംഗത്തിന്റെ ദൃശ്യാവിഷ്‌കാരം ആ സംഗീതജ്ഞക്കുള്ള ആദരാഞ്ജലിയായി.

പ്രസിദ്ധ ഗായകരായ ഖാദര്‍ഷാ എടപ്പാള്‍, ജിത്തു, റമീസ്, റയാന, ഫാരിഷ, ഷെഹ്ജ തുടങ്ങിയവര്‍ അക്ഷരാര്‍ഥത്തില്‍ പാട്ടിന്റെ പാലാഴി തീര്‍ത്തു. മുഹമ്മദ് റഫിയുടേയും കിഷോര്‍കുമാറിന്റേയും ഗാനങ്ങളാലപിച്ച ഖാദര്‍ഷാ, മാപ്പിളപ്പാട്ടുകളും പുതിയതും പഴയതുമായ മലയാള ചലച്ചിത്രഗാനങ്ങളും മനോഹരമായി ആലപിച്ചു. ചടുലമായ നൃത്തവുമായാണ് റമീസ് – റയാന ദമ്പതികള്‍ നിരവധി പാട്ടുകള്‍ പാടിയത്. നാലു മണിക്കൂറോളം വിശ്രമരഹിതമായാണ് ദ്രുതചലനങ്ങളും റൊമാന്റിക് ചുവടുകളുമായി അക്ബര്‍ വോയ്‌സ് സംഘത്തിലെ എട്ടുപ്രതിഭകളും പാടിത്തിമിര്‍ത്തത്. പക്കമേളക്കാര്‍ അരങ്ങ് കൊഴുപ്പിച്ചു.