ജിദ്ദ: വിസ രഹിത നയത്തില്‍ സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സാധാരണ പാസ്പോര്‍ട്ട് ഉടമകളെ കൂടി ഉള്‍പ്പെടുത്തുമെന്ന് ചൈന അറിയിച്ചു. അടുത്ത ജൂണ്‍ ഒമ്പതു മുതല്‍ 2026 ജൂണ്‍ എട്ടു വരെ ഇത് പ്രാബല്യത്തിലുണ്ടാകും.
സൗദി അറേബ്യ അടക്കം നാലു രാജ്യങ്ങളിലെ പൗരന്മാര്ക്ക് ടൂറിസം, ബിസിനസ്സ്, ബന്ധുക്കളെ സന്ദര്‍ശിക്കല്‍, ട്രാന്‍സിറ്റ് എന്നിവക്കായി 30 ദിവസത്തില്‍ കൂടാത്ത കാലയളവിലേക്ക് വിസയില്ലാതെ ചൈനയില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന് ചൈനീസ് വിദേശ മന്ത്രാലയ വക്താവ് മാവോ നിംഗ് പത്രക്കുറിപ്പില്‍ പറഞ്ഞു.
2018 മുതല്‍ യു.എ.ഇയും ഖത്തറും ചൈനയുമായി പരസ്പര വിസ രഹിത കരാറുകള്‍ ഉണ്ടാക്കിയിരുന്നു. സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സാധാരണ പാസ്പോര്‍ട്ട് ഉടമകളെ കൂടി വിസ രഹിത നയത്തില്‍ ഉള്‍പ്പെടുത്തിയതോടെ ചൈനക്ക് ഇപ്പോള്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളുമായും സമഗ്രമായ വിസ രഹിത സംവിധാനം നിലവില്‍വന്നു. ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാരോട് ചൈന സന്ദര്‍ശിക്കാന്‍ മാവോ നിംഗ് ആഹ്വാനം ചെയ്തു.