ജിദ്ദ – സൗദിയിൽ വാണിജ്യ വഞ്ചനാ കേസുകളിൽ സ്വദേശികളും വിദേശികളും വ്യാപാര സ്ഥാപനങ്ങളും അടക്കം 42 പ്രതികളെ കോടതികൾ ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഹായിൽ, അൽഖസീം, മദീന, നജ്‌റാൻ, ഉത്തര അതിർത്തി പ്രവിശ്യ എന്നിവിടങ്ങളിൽ കോൺട്രാക്ടിംഗ്, മൊബൈൽ ഫോൺ, ഭക്ഷ്യവസ്തുക്കൾ, ചോക്കലേറ്റുകൾ, വസ്ത്രങ്ങൾ, പുകയില ഉൽപന്നങ്ങൾ, പെട്രോൾ ബങ്കുകൾ, പഞ്ചർ കടകൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന 16 സ്ഥാപനങ്ങൾക്കും 14 സൗദി പൗരന്മാർക്കും 12 വിദേശികൾക്കുമാണ് ശിക്ഷ.
നിയമ ലംഘകർക്ക് ആകെ 27 ലക്ഷത്തിലേറെ റിയാൽ പിഴ ചുമത്തി. കുറ്റക്കാർക്ക് വ്യത്യസ്ത കാലയളവിലുള്ള തടവ് ശിക്ഷകളും വിധിച്ചിട്ടുണ്ട്. ശിക്ഷകൾ പൂർത്തിയാക്കിയ ശേഷം കുറ്റക്കാരായ വിദേശികളെ നാടുകടത്താനും കോടതികൾ ഉത്തരവിട്ടു. സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കാനും വിധിയുണ്ട്.



