റിയാദ് – ഉത്തര റിയാദിലെ വില്ല കേന്ദ്രീകരിച്ച് അനധികൃത രീതിയില്‍ പുകയില ഉല്‍പന്നങ്ങള്‍ നിര്‍മിച്ച ചൈനീസ് തൊഴിലാളികളെ വാണിജ്യ മന്ത്രാലയ സംഘം അറസ്റ്റ് ചെയ്തു.
റെസിഡന്‍ഷ്യല്‍ വില്ലയില്‍ നിന്ന് പുകയില പൗച്ചുകള്‍, ഇ-സിഗരറ്റുകള്‍, പുകയില ഉല്‍പന്നങ്ങളില്‍ ചേര്‍ക്കുന്ന അജ്ഞാത ഫ്‌ളേവറുകള്‍ സൂക്ഷിച്ച ടാങ്ക് എന്നിവ പിടിച്ചെടുത്തു. ആറ് ചൈനക്കാര്‍ നിയമവിരുദ്ധമായി ഇ-സിഗരറ്റുകളും പുകയില പൗച്ചുകളും നിര്‍മിക്കുന്ന ഫാക്ടറിയാക്കി വില്ല മാറ്റുകയായിരുന്നു. 40 ലക്ഷത്തിലേറെ പേക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍, 13 ഫില്ലിംഗ്-പാക്കേജിംഗ് മെഷീനുകള്‍, 150 കിലോഗ്രാം സിഗരറ്റ് ഫ്‌ളേവറുകള്‍ അടങ്ങിയ ടാങ്ക് എന്നിവ റെയ്ഡിനിടെ പിടിച്ചെടുത്തു.
പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് അനുമതി നേടിയ ശേഷമാണ് വില്ലയില്‍ റെയ്ഡ് നടത്തിയതെന്ന് വാണിജ്യ മന്ത്രാലയത്തില്‍ സുരക്ഷാ കാമ്പെയ്ന്‍ വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ശഹ്രി പറഞ്ഞു. പ്രശസ്തമായ ട്രേഡ് മാര്‍ക്കുകളും അജ്ഞാത ഉല്‍പന്നങ്ങളും ഉപയോഗിച്ചാണ് ചൈനീസ് തൊഴിലാളികള്‍ പുകയില ഉല്‍പന്നങ്ങള്‍ നിര്‍മിച്ചിരുന്നത്. നിയമലംഘകരെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. റെയ്ഡിനിടെ പിടിച്ചെടുത്ത വസ്തുക്കള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും മുഹമ്മദ് അല്‍ശഹ്രി പറഞ്ഞു.