റിയാദ്– നീതി, നിയമം, അധികാരം, രാഷ്ട്രസ്വത്വം, സമൂഹ്യ ജീവിതം, മാനവികത എന്നീ വിഷയങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്ന ആനന്ദിന്റെ നോവലുകൾ ചർച്ച ചെയ്തുകൊണ്ട് ചില്ലയുടെ ഒക്ടോബർ വായന നടന്നു. മലയാള സാഹിത്യത്തിലെ മുഖ്യധാര ആഖ്യാനങ്ങളെയും പ്രമേയവഴക്കങ്ങളെയും തിരുത്തിയെഴുതിയ ആനന്ദിന്റെ രചനകളുടെ വായന ചിലർക്ക് ആയാസകരമാണെങ്കിലും അനിവാര്യതയാണെന്ന് വായനക്കാർ വിലയിരുത്തി.
എഴുത്തിലൂടെ നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും ഉന്നത ആശയലോകം സൃഷ്ടിച്ച ആനന്ദിന്റെ കൃതികളുടെ വായന നമ്മെ കൂടുതൽ രാഷ്ട്രീയ ബോധമുള്ളവരാക്കും. എക്കാലത്തും അഭയാർത്ഥികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയ സംവിധാനത്തെ ചർച്ചചെയ്യുന്ന അഭയാർത്ഥികൾ എന്ന നോവൽ അവതരിപ്പിച്ചുകൊണ്ട് സതീഷ് വളവിൽ വായനക്ക് തുടക്കം കുറിച്ചു. മനുഷ്യരാശിയുടെ പക്ഷം ചേർന്നുകൊണ്ട്, സ്ഥലകാലങ്ങളെ അതിക്രമിച്ചു നീങ്ങുന്ന അഭയാർത്ഥികളുടെ നിരയെ നോവൽ ചിത്രീകരിക്കുന്നു എന്ന് സതീഷ് പറഞ്ഞു.
പലകാലങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ട് നീതിയെ പ്രശ്‌നവൽക്കരിക്കുന്ന ഗോവർധന്റെ യാത്രകൾ എന്ന നോവലിന്റെ വായന നാസർ കാരക്കുന്ന് അവതരിപ്പിച്ചു. ഭാവനയിലും ചരിത്രത്തിലും കഥാപാത്രങ്ങളെ വിന്യസിച്ച് രാഷ്ട്രീയ പ്രഹസനം അവതരിപ്പിക്കുന്ന ആനന്ദ് നമ്മുടെ മുന്നിൽ നൈതികമായ ചോദ്യങ്ങൾ ഉയർത്തുന്നു. തൂക്കുകയറിന് പാകമായ കഴുത്തുള്ള ഒരാളെ കണ്ടെത്തി കുറ്റവാളിയാക്കി തൂക്കിലേറ്റാനുള്ള അധികാരയുക്തി ഇന്നത്തെ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയിലുള്ള ആഴമുള്ള നിരീക്ഷണമാണ്. വ്യാസനും വിഘ്‌നേശ്വരനും എന്ന കൃതിയുടെ വായന സുരേഷ് ലാൽ പങ്കുവച്ചു. സ്വയം ആർജിച്ച വിദ്യ നഷ്ടപ്പെടുത്തികൊണ്ട് സ്വാതന്ത്ര്യം നേടേണ്ടിവരുന്നവർ, രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലാണെന്ന് വിളിച്ചു പറയുന്നതിന്റെ പേരിൽ ജനാധിപത്യവാദികളാൽ തന്നെ ആക്രമിക്കപ്പെടുന്നവരെല്ലാം നോവലിൽ ദൃശ്യമാകുന്നു. ഭൂരിപക്ഷ അഭിപ്രായം എന്നതുകൊണ്ട് മാത്രം ഒരു കാര്യം നടപ്പിലാക്കിയാൽ അതിനെ ജനാധിപത്യമെന്ന് വിശേഷിപ്പിക്കാനാകുമോ എന്ന ചോദ്യം ഉന്നയിക്കുന്നതാണ് ഈ കൃതിയുടെ ഏറ്റവും ഉന്നതമായ ധർമ്മം എന്ന് സുരേഷ് ലാൽ അഭിപ്രായപ്പെട്ടു.
ആനന്ദിന്റെ ആദ്യ നോവലായ ആൾക്കൂട്ടത്തിന്റെ വായന വിപിൻ കുമാർ പങ്കുവച്ചു. ജീവിതംകൊണ്ടും തൊഴിൽ കൊണ്ടും ആവശ്യങ്ങൾ കൊണ്ടും വ്യത്യസ്തരായ മനുഷ്യരുടെ വഴികളും ആൾക്കൂട്ടത്തിനിടയിലെ ഏകാന്ത സഞ്ചാരങ്ങളും ദാർശനിക പ്രശ്‌നങ്ങളും ചർച്ച ചെയ്യുകയാണ് ഈ കൃതി. നഗരകേന്ദ്രിതമായ മനുഷ്യാവസ്ഥകളുടെ വിചാരഭൂമികയിൽ നിന്നുകൊണ്ട് നഗരാനുഭവവും അവിടത്തെ മനുഷ്യരുടെ വിചാരവികാരങ്ങളും അനുഭവവേദ്യമാക്കുന്ന നോവലിലെ ഓരോ കഥാപാത്രത്തെയും വിശകലനം ചെയ്യുന്നതായിരുന്നു വിപിന്റെ അവതരണം.
മകന്റെ അകാലത്തിലെ മരണ ശേഷം അവൻ എഴുതിയ കവിതകളിലൂടെയും കുറിപ്പുകളിലൂടെയും നഗരത്തിലെ അഭയാർത്ഥികളുടേയും നാടോടികളുടേയും അനാഥാലയങ്ങളിൽ നിന്ന് അപ്രത്യക്ഷരാകുന്ന കുട്ടികളുടേയും ജീവിതത്തിലേക്ക് കടന്ന് ചെല്ലുന്ന ഒരു പിതാവിന്റെ അന്വേഷണങ്ങളുടെ കഥ പറയുന്ന അപഹരിക്കപ്പെട്ട ദൈവങ്ങൾ എന്ന നോവലിന്റെ വായന ഷിംന സീനത്ത് നിർവഹിച്ചു. ഏതെങ്കിലും ഒരു ദേശത്തു നിന്നോ വ്യവസ്ഥയിൽ നിന്നോ പുറത്തക്കപ്പെടുന്നവരുടെ ചരിത്രം തേടിയുള്ള യാത്രയുടെ കഥ പറയുന്ന ഈ നോവൽ തുടർച്ചയുള്ള മുറിവാണ് നൽകുന്നതെന്ന് ഷിംന പറഞ്ഞു.
മരുഭൂമിക്ക് നടുവിൽ തടവുകാരെയും ദരിദ്രരായ ഗ്രാമീണരെയും ഉപയോഗിച്ച് അതിനിഗൂഢ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്ന സ്‌റ്റേറ്റിന്റെ അധികാര ചൂഷണത്തിന്റെയും നീതി നിഷേധത്തിന്റെ കഥ പറയുന്ന മരുഭൂമികൾ ഉണ്ടാകുന്നത് എന്ന നോവലിന്റെ വായന എം ഫൈസൽ നിർവഹിച്ചു. ഓരോ നിമിഷവും നീതി വറ്റി അധികാരത്തിന്റെ മരുഭൂമി പടരുന്ന ലോകത്ത് മനുഷ്യൻ തകർന്ന് പോകുന്നു. ആധുനിക സ്‌റ്റേറ്റ് അതിന്റെ ലക്ഷ്യങ്ങൾക്കുവേണ്ടി നിസ്സഹായരായ മനുഷ്യരിൽ നിന്ന് ജീവൻ തന്നെ എടുത്തുകളയും. സ്‌റ്റേറ്റ് എന്ന വേട്ടക്കാരൻ എന്നും മനുഷ്യൻ ആഗ്രഹിക്കുന്ന കനിവിന്റെ ആർദ്രതയെ നിഷേധിക്കുന്നു എന്ന് ഫൈസൽ വിവരിച്ചു. ജോമോൻ സ്റ്റീഫന്റെ ആമുഖത്തോടെ നടന്ന ചില്ല വായനയിൽ ബീന മോഡറേറ്റർ ആയിരുന്നു. ഫൈസൽ കൊണ്ടോട്ടി, ഇസ്മയിൽ വി.പി, സുനിൽ, അബ്ദുൾ നാസർ, മുഹമ്മദ് ഇഖ്ബാൽ വടകര എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾ ഉപസംഹരിച്ചുകൊണ്ട് സീബ കൂവോട് സംസാരിച്ചു.



