ന്യൂഡൽഹി: കോൺഗ്രസ് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് അന്വേഷിക്കാൻ സൈബർ വിദഗ്ധരെ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രൂപീകരിച്ചു. വാട്സാപ്പ്, ടെലിഗ്രാം ചാറ്റുകളും ഓഡിയോ സന്ദേശങ്ങളും പുറത്തുവന്ന സാഹചര്യത്തിൽ വിശദ പരിശോധനയ്ക്കാണ് സൈബർ വിദഗ്ധരെ ഉൾപ്പെടുത്തിയത്. ആദ്യഘട്ടമായി അവന്തിക, റിനി ജോർജ്, ഹണി ഭാസ്കരൻ എന്നിവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇവർ പരാതി നൽകാൻ തയ്യാറായാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും എന്നാൽ പരാതി നൽകാതിരുന്നാൽ തുടർനടപടികൾ വ്യക്തമല്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
പൊതുപ്രവർത്തകർ ഉൾപ്പെടെ ഡി.ജി.പി.ക്ക് നൽകിയ പരാതികളെ തുടർന്ന് സ്വമേധയാ കേസെടുക്കാൻ ഡി.ജി.പി. നിർദേശിച്ചിരുന്നു. നിർബന്ധിത ഗർഭച്ഛിദ്രത്തിന് സമ്മർദം ചെലുത്തിയെന്ന ആരോപണത്തിൽ ഹൈക്കോടതി അഭിഭാഷകൻ ഷിന്റോ സെബാസ്റ്റ്യൻ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും, പരാതിയിൽ വ്യക്തമായ വിവരങ്ങൾ ഇല്ലാത്തതിനാൽ അന്വേഷണം ആരംഭിക്കാൻ കഴിഞ്ഞില്ലെന്ന് പൊലീസ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണങ്ങളെ “അതീവ ഗൗരവമുള്ള” ക്രിമിനൽ കുറ്റമായി വിശേഷിപ്പിച്ചിരുന്നു.