ജിദ്ദ – സൗദിയിൽ ഒട്ടകങ്ങൾക്ക് ഫോട്ടോകൾ പതിച്ച പാസ്പോർട്ട് അനുവദിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം തുടക്കമിട്ടു. ഡെപ്യൂട്ടി പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ മൻസൂർ ബിൻ ഹിലാൽ അൽമുശൈത്തി പുതിയ പദ്ധതി ഉദ്ഘാടനം ചെയ്തു. സൗദി വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ഒട്ടക മേഖലയെ നിയന്ത്രിക്കാനും തിരിച്ചറിയൽ രേഖകൾ നൽകാനും മേഖല വ്യവസ്ഥാപിതമാക്കാനും സേവന കാര്യക്ഷമത വർധിപ്പിക്കാനും പ്രാദേശിക, അന്തർദേശീയ വിപണികളിൽ അതിന്റെ വിശ്വാസ്യത വർധിപ്പിക്കാനുമുള്ള സുപ്രധാന ചുവടുവെപ്പ് എന്നോണമാണ് ഒട്ടകങ്ങൾക്ക് പാസ്പോർട്ട് അനുവദിക്കുന്ന പദ്ധതി മന്ത്രാലയം നടപ്പാക്കുന്നത്.
കന്നുകാലി, മത്സ്യബന്ധന മേഖലാ വികസനത്തിനായുള്ള ദേശീയ പ്രോഗ്രാമിന്റെ ഭാഗമായി ഒട്ടക മേഖലയെ വികസിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. ഈ സുപ്രധാന മേഖലയെ സേവിക്കുന്നതിന് ഏകീകൃത ഡിജിറ്റൽ, നിയന്ത്രണ ഉപകരണങ്ങൾ നൽകുന്നതിന്റെ പ്രാധാന്യത്തിൽ നിന്നാണ് ഒട്ടകങ്ങൾക്കുള്ള പാസ്പോർട്ട് പദ്ധതി ഉരുത്തിരിഞ്ഞത്. ഒട്ടക ഡാറ്റ, ഉടമസ്ഥാവകാശം, ഇനങ്ങൾ എന്നിവ രേഖപ്പെടുത്തുക, പരിശോധിച്ചുറപ്പിച്ച ആരോഗ്യ, നിയന്ത്രണ വിവരങ്ങളുമായി അവയെ ബന്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഒട്ടകങ്ങൾക്കുള്ള പാസ്‌പോർട്ട് ഔദ്യോഗികവും അംഗീകൃതവുമായ റഫറൻസായി പ്രവർത്തിക്കും. ഇത് മെച്ചപ്പെട്ട സേവന കാര്യക്ഷമത, ഇടപാട് വിശ്വാസ്യത, ഫലപ്രദമായ വെറ്ററിനറി, നിയന്ത്രണ പ്രതികരണം എന്നിവക്ക് സഹായിക്കും.
ഒട്ടക പാസ്‌പോർട്ട് സമഗ്രമായ തിരിച്ചറിയൽ രേഖയാണെന്നും അതിൽ മൈക്രോചിപ്പ് നമ്പർ, പാസ്‌പോർട്ട് നമ്പർ, ഒട്ടകത്തിന്റെ പേര്, ജനനത്തീയതി, ഇനം, ലിംഗം, നിറം, ജനന സ്ഥലം, പാസ്പോർട്ട് ഇഷ്യൂ ചെയ്ത വകുപ്പ്, തീയതി, മൃഗത്തിന്റെ വലതുവശത്തും ഇടതുവശത്തും നിന്നുള്ള ഫോട്ടോകൾ എന്നീ വിവരങ്ങൾ ഉൾപ്പെടുന്നു. ഇത് കൃത്യമായ തിരിച്ചറിയൽ ഉറപ്പാക്കുന്നു.
വെറ്ററിനറി ഡോക്ടറുടെ പേരും ഒപ്പും സ്റ്റാമ്പും അടങ്ങിയ, വെറ്ററിനറി വാക്സിനേഷനുകൾ വ്യക്തമായും സമഗ്രമായും രേഖപ്പെടുത്തുന്ന വാക്സിനേഷൻ ഷെഡ്യൂൾ പാസ്‌പോർട്ടിൽ ഉൾപ്പെടുന്നു. ഇത് ഓരോ ഒട്ടകത്തിനും വിശ്വസനീയമായ ആരോഗ്യ ഫയൽ തയാറാക്കാനും വെറ്ററിനറി ഫോളോ-അപ്പിന്റെ കാര്യക്ഷമത വർധിപ്പിക്കാനും പകർച്ചവ്യാധികളുടെയും രോഗ കേസുകളുടെയും നിരീക്ഷണം സുഗമമാക്കാനാനും സഹായിക്കുന്നു.
വിൽപ്പന, ഗതാഗതം, ഔദ്യോഗിക ഡോക്യുമെന്റേഷൻ പ്രക്രിയകൾ എന്നിവ നിയന്ത്രിക്കുന്നതിലൂടെയും ഉടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലൂടെയും ഉടമസ്ഥാവകാശ തെളിവ് സുഗമമാക്കുന്നതിലൂടെയും വിൽപ്പനയും വ്യാപാരവും നിയന്ത്രിക്കാൻ ഒട്ടക പാസ്‌പോർട്ട് സഹായിക്കും. ഇത് വിപണി ഇടപാടുകാരിൽ വിശ്വാസം വർധിപ്പിക്കും. ആരോഗ്യ നില, ഇനം, വംശം എന്നിവ ഉൾപ്പെടുന്ന കൃത്യമായ ഡാറ്റയെ അടിസ്ഥാനമാക്കി ഒട്ടകങ്ങളുടെ വിപണി മൂല്യം വർധിപ്പിക്കാനും പ്രാദേശിക, അന്തർദേശീയ വിപണികളിലും ലേലങ്ങളിലും സുതാര്യതയുടെ തോത് ഉയർത്താനും പദ്ധതി സഹായിക്കും.
ലിംഗഭേദം, പ്രായം, ഇനം, നിറം എന്നിവ അനുസരിച്ച് ഒട്ടകങ്ങളുടെ എണ്ണത്തിന്റെ കൃത്യമായ ഡാറ്റാബേസ് നൽകുന്നതിലൂടെയും, പ്രവിശ്യകൾക്കനുസരിച്ച് രാജ്യത്ത് മൃഗവിഭവങ്ങൾ വിതരണം ചെയ്യാനുള്ള ദേശീയ പദ്ധതികളെ പിന്തുണക്കുന്നതിലൂടെയും, ജനിതക പ്രകടനത്തിന്റെ വിശകലനത്തിലൂടെയും, ഓരോ ഇനത്തിന്റെയും യഥാർഥ ഉൽപാദനത്തിന്റെ ഫലങ്ങൾ നിരീക്ഷിക്കുന്നതിലൂടെയും, ഉൽപാദനത്തിന്റെയും പ്രജനനത്തിന്റെയും കാര്യക്ഷമത വർധിപ്പിക്കുന്നതിലൂടെയും, തെരഞ്ഞെടുപ്പ് പരിപാടികളെ പിന്തുണക്കുന്നതിലൂടെയും, പ്രാദേശിക ഇനങ്ങളെ മെച്ചപ്പെടുത്തുന്നതിലൂടെയും ഒട്ടക പാസ്‌പോർട്ട് കന്നുകാലികളുടെ എണ്ണം നിയന്ത്രിക്കുന്നതിൽ തന്ത്രപരമായ സ്വാധീനം ചെലുത്തുമെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വ്യക്തമാക്കി.



