ജിദ്ദ – പരിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കാനായി ബ്രിട്ടനില്‍ നിന്ന് മക്കയിലേക്ക് പായ്‌വഞ്ചിയില്‍ യാത്ര തിരിച്ച അഞ്ചംഗ ബ്രിട്ടീഷ് സാഹസിക സംഘം ലക്ഷ്യത്തിലേക്ക് അടുക്കുന്നു. 27 നും 47 നും ഇടയില്‍ പ്രായമുള്ള ലണ്ടനില്‍ നിന്നുള്ള അഞ്ച് പേരടങ്ങുന്ന സംഘം ഏപ്രില്‍ ഒന്നിനാണ് ഇംഗ്ലീഷ് ചാനലില്‍ നിന്ന് 7,400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രചോദനാത്മകമായ സാഹസിക യാത്ര ആരംഭിച്ചത്. ഈ ആഴ്ച അവസാനം സംഘം സൗദി അറേബ്യയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
അബ്ദുല്‍വാഹിദ്, തൗസീഫ് അഹ്മദ്, ജോഡി മക്കിന്റയര്‍, ദൊബ്ബീര്‍ ഉദ്ദീന്‍, താഹിര്‍ അക്തര്‍ എന്നിവര്‍ പുണ്യഭൂമിയിലേക്കുള്ള യാത്രയില്‍ യൂറോപ്പിലും വടക്കേ ആഫ്രിക്കയിലും നിരവധി സ്ഥലങ്ങളില്‍ തങ്ങി. സോഷ്യല്‍ മീഡിയയില്‍ സമുദ്രജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ ഇവര്‍ പങ്കുവെച്ചു. വിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും നിരാശയുടെയും നിമിഷങ്ങള്‍ അനുഭവിച്ചറിയുകയും കാറ്റും കൊടുങ്കാറ്റും നേരിടുകയും ചെയ്യുന്ന 55 ദിവസത്തെ സാഹസിക യാത്രയിലൂടെ അനാഥ പരിചരണ ചാരിറ്റിയായ ഗ്ലോബല്‍ ഹെല്‍പിംഗ് ഹാന്‍ഡ്സിനായി സംഘം ഫണ്ട് സ്വരൂപിക്കുകയും ചെയ്യുന്നു.
സംഘം അടുത്തിടെ വടക്കുകിഴക്കന്‍ ഈജിപ്തിലെ ഇസ്മായിലിയ നഗരത്തില്‍ എത്തി. ഈ ആഴ്ച അവസാനം സൗദി അറേബ്യയിലെ പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കാനാണ് ഇവര്‍ പദ്ധതിയിടുന്നത്. തന്റെ ഇസ്‌ലാമിക വിശ്വാസത്തിന്റെയും യു.കെയുടെ സമുദ്ര ചരിത്രത്തിന്റെയും സമ്മിശ്ര സ്വാധീനങ്ങളില്‍ നിന്നാണ് ഈ യാത്രക്ക് പ്രചോദനമായതെന്ന് 38 കരനായ അബ്ദുല്‍വാഹിദ് പറഞ്ഞു. ഇസ്‌ലാമിനെ നമ്മള്‍ താമസിക്കുന്ന രാജ്യവുമായി ലയിപ്പിക്കുന്നതും ഹജിലേക്കുള്ള മറന്നുപോയ ഈ വഴിയെ പുനരുജ്ജീവിപ്പിക്കുന്നതും പോലെയാണ് ഈ യാത്ര. ഗ്രൂപ്പിലെ ആര്‍ക്കും തീര്‍ഥാടന യാത്രക്ക് മുമ്പ് ബോട്ട്‌യാത്രാ പരിചയം ഉണ്ടായിരുന്നില്ല. മുന്‍ പരിചയമില്ലാതെയാണ് ഞങ്ങള്‍ ഈ യാത്ര ആരംഭിച്ചത്. അതിനാല്‍ ആറു മാസക്കാലം ഞങ്ങള്‍ വളരെ തീവ്രമായ പരിശീലനത്തിലൂടെ കടന്നുപോയി. ആവശ്യമായ പരിശീലനം ലഭിക്കുന്നതിന് ഞങ്ങള്‍ക്ക് ഒരാഴ്ച കടലില്‍ പോകേണ്ടിവന്നു. ഇതിലൂടെ പായ്‌വഞ്ചി യാത്രാ വൈദഗ്ധ്യത്തില്‍ അന്താരാഷ്ട്രതലത്തില്‍ വളരെ ഉയര്‍ന്ന തലത്തിലെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു – അബ്ദുല്‍വാഹിദ് പറഞ്ഞു.
ഇംഗ്ലീഷ് ചാനല്‍, ഫ്രാന്‍സിലെ മാര്‍സെയില്‍ തുറമുഖം, മെഡിറ്ററേനിയന്‍ ദ്വീപുകളായ കോര്‍സിക്ക, സാര്‍ഡിനിയ, സിസിലി, ക്രീറ്റ്, മെസീന കടലിടുക്ക്, ഈജിപ്തിലെ സൂയസ് കനാല്‍ എന്നിവിടങ്ങളിലൂടെയാണ് സംഘം സഞ്ചരിച്ചത്. ഒടുവില്‍ ചെങ്കടലിലൂടെ ജിദ്ദയിലെത്തി മക്കയിലേക്ക് പോകും.
1978 വെസ്റ്റര്‍ലി 33 കെച്ച് പായ്‌വഞ്ചിയില്‍ പുറം ലോകവുമായി പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടും ഗ്രിഡ് ബന്ധം വിച്ഛേദിക്കപ്പെട്ടും കൊടുങ്കാറ്റുകളെ നേരിട്ടും ഏകദേശം രണ്ട് മാസത്തോളം സംഘം ചെലവഴിച്ചു. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ക്ക് ബോട്ട്‌യാത്രാ അനുഭവം ഉണ്ടായിരുന്നില്ല. ഒരു പരുക്കന്‍ പദ്ധതി മാത്രമായിരുന്നു അത്. യാത്രാ ലക്ഷ്യം അന്ത്യത്തോടടുത്തിരിക്കുന്നു. ഞങ്ങള്‍ ഞങ്ങളുടെ യാത്ര അവസാനിപ്പിക്കാന്‍ പോകുന്നു – അബ്ദുല്‍വാഹിദ് പറഞ്ഞു. ഞങ്ങള്‍ക്ക് ഇത് ഭയാനകമായ വെല്ലുവിളിയായിരുന്നു. പക്ഷേ അവസാനം, അല്‍ഹംദുലില്ലാ, ഞങ്ങള്‍ക്ക് വലിയ പ്രതിഫലം ലഭിക്കും. ഞങ്ങള്‍ നേരിട്ട വെല്ലുവിളികളില്‍ ഒന്ന് ഫ്രഞ്ച് കനാലിലായിരുന്നു. അവിടെ 24 കിലോമീറ്റര്‍ ബ്ലോക്കുണ്ടായിരുന്നു. ഏകദേശം നാലു ദിവസം കാലതാമസം നേരിട്ടു. അവസാനം ഇത് വകവെക്കാതെ ബോട്ട് ട്രക്കിലേക്ക് ഉയര്‍ത്തേണ്ടിവന്നു.
ചോര്‍ച്ച കാരണം ബോട്ട് മുങ്ങാന്‍ തുടങ്ങിയത് ഞങ്ങള്‍ നേരിട്ട മറ്റൊരു ഗുരുതരമായ വെല്ലുവിളിയായിരുന്നു. രാവിലെ ഉണര്‍ന്നപ്പോഴാണ് ബോട്ടിലെ ചോര്‍ച്ച കണ്ടത്. ഞങ്ങള്‍ക്ക് അത് പരിഹരിക്കാന്‍ കഴിഞ്ഞു, ഞങ്ങളുടെ ഷെഡ്യൂള്‍ അനുസരിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.
യാത്രയില്‍ മൂന്ന് തവണ ഞങ്ങള്‍ ഡോള്‍ഫിനുകളെ കണ്ടുമുട്ടി. വെള്ളത്തില്‍ അസാധാരണമായ രൂപങ്ങളുടെ ഒരു കാഴ്ച ഞങ്ങള്‍ കണ്ടു. താമസിയാതെ, ഞങ്ങള്‍ കാണുന്നത് ഞങ്ങളുടെ മുന്നില്‍ കളിച്ചും നീന്തിയും നടക്കുന്ന ചെറിയ ഡോള്‍ഫിനുകളാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി. അത് ശരിക്കും ഒരു അത്ഭുതകരമായ കാഴ്ചയായിരുന്നു – അബ്ദുല്‍വാഹിദ് പറഞ്ഞു. ലെബനോന്‍, പാക്കിസ്ഥാന്‍, ഫലസ്തീന്‍, ഉഗാണ്ട എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ അനാഥരെയും സിറിയന്‍ അഭയാര്‍ഥികളെയും സഹായിക്കാനായി ഫണ്ട് ശേഖരിക്കാനാണ് യാത്രയിലൂടെ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. സംഘത്തിന് ഇതുവരെ രണ്ടു ലക്ഷത്തിലേറെ പൗണ്ട് സ്റ്റെര്‍ലിംഗ് (2,66,000 ഡോളര്‍) സംഭാവനകളായി ലഭിച്ചു. ഈ തുക പല സ്ഥലങ്ങളിലെയും അനാഥരെ സഹായിക്കാന്‍ വിനിയോഗിക്കും.
ഇസ്‌ലാമിലെ തീര്‍ഥാടനത്തിന്റെ സൗന്ദര്യം അതിന്റെ യഥാര്‍ഥ സത്തയില്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു – അബ്ദുല്‍വാഹിദ് പറഞ്ഞു. ബി.ഡബ്ലിയു.എ യാച്ചിംഗ് ക്ലബ് കെ.എസ്.എ, റെഡ് സീ അതോറിറ്റി എന്നിവയുടെ ഏകോപനത്തോടെയും ജെ.വൈ.സി സൗകര്യങ്ങളുടെ പിന്തുണയോടെയും ഈജിപ്തിലെ പോര്‍ട്ട് സൂയസില്‍ നിന്ന് ജിദ്ദയിലേക്കുള്ള ഒരാഴ്ച നീണ്ടുനില്‍ക്കുന്ന അവസാന സമുദ്ര യാത്ര സംഘം പൂര്‍ത്തിയാക്കും.