ജിദ്ദ: മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷം ബ്രിട്ടീഷ് എയര്‍വെയ്‌സ് ലണ്ടനിൽ നിന്ന് ജിദ്ദയിലേക്കുള്ള സർവീസ് പുനരാരംഭിച്ചു. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്നും ജിദ്ദ വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ ആറു സര്‍വീസുകള്‍ വീതമാണ് നടത്തുന്നത്. 2021ല്‍ ആണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് ജിദ്ദ സര്‍വീസ് നിര്‍ത്തിവെച്ചത്.
ഇടവേളക്കു ശേഷം ആദ്യമായി ജിദ്ദയിലിറങ്ങിയ ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിലെ യാത്രക്കാരെയും ജീവനക്കാരെയും പരമ്പരാഗത കലാപ്രകടനങ്ങളോടെ ജിദ്ദ എയര്‍പോര്‍ട്ടില്‍ ഊഷ്മളമായി സ്വീകരിച്ചു. ജിദ്ദ എയര്‍പോര്‍ട്ടിനെ കൂടുതൽ ലോക നഗരങ്ങളുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനിയുടെ പദ്ധതിയുടെ ഭാഗമായാണ് ബ്രിട്ടീഷ് എയര്‍വെയ്‌സിനെ തിരിച്ചെത്തിക്കാൻ സാധിച്ചതെന്ന് സിഇഒ എന്‍ജിനീയര്‍ മാസിന്‍ ബിന്‍ മുഹമ്മദ് ജൗഹര്‍ പറഞ്ഞു.
2030ഓടെ ജിദ്ദ എയര്‍പോര്‍ട്ടിനെ 150 വിദേശ നഗരങ്ങളുമായി ബന്ധിപ്പിക്കുകയും, പ്രതിവര്‍ഷ യാത്രക്കാരുടെ എണ്ണം 11.4 കോടിയായി ഉയര്‍ത്തുകയും, പ്രതിവര്‍ഷം കൈകാര്യം ചെയ്യുന്ന എയര്‍ കാര്‍ഗോ 25 ലക്ഷം ടണ്‍ ആയി ഉയര്‍ത്തുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.