റിയാദ് – വിദ്യാർത്ഥികൾ രചിച്ച 504 പുസ്തകങ്ങൾ ഒരേ വേദിയിൽ പ്രകാശനം ചെയ്ത് സർഗ്ഗാത്മക രചനയിൽ വേറിട്ട മാതൃക തീർക്കാൻ അലിഫ് ഇൻ്റർനാഷണൽ സ്കൂൾ ഒരുങ്ങുന്നു. ‘ബുക്ക് ബ്ലൂം 500’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ ബൃഹത്തായ ചടങ്ങ് ജനുവരി 23 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് ശിഫയിലെ ഖസർ അൽ അമീറി ഓഡിറ്റോറിയത്തിൽ നടക്കും. പ്രശസ്ത മാധ്യമ നിരൂപകനും മുൻ അറബ് ന്യൂസ് ചീഫ് എഡിറ്ററുമായ ഖാലിദ് അൽ മഈന പരിപാടി ഉദ്ഘാടനം ചെയ്യും.
ഗ്രേഡ് ഒന്ന് മുതൽ പത്ത് വരെയുള്ള വിദ്യാർത്ഥികൾ ഇംഗ്ലീഷ്, അറബിക്, ഹിന്ദി, ഉറുദു, മലയാളം, കന്നട, തമിഴ് ഭാഷകളിലായി എഴുതിയ കൃതികളാണ് പ്രകാശനം ചെയ്യുന്നത്. കഥ, കവിത, ലേഖനം, യാത്രാവിവരണം, ആത്മകഥ, പൊതുവിജ്ഞാനം എന്നിങ്ങനെ പത്തോളം സാഹിത്യ ശാഖകളിലായി പടർന്നുനിൽക്കുന്നതാണ് ഈ സൃഷ്ടികൾ. ‘എൻ്റെ പുസ്തകം; എൻ്റെ അഭിമാനം’ എന്ന പേരിൽ കഴിഞ്ഞ ഏഴ് മാസമായി സ്കൂളിൽ നടന്നുവരുന്ന ശാസ്ത്രീയമായ എഴുത്തുപരിശീലനത്തിന്റെ സമാപനമാണ് ഈ ചടങ്ങ്.
മിഡിൽ ഈസ്റ്റിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ മഹാ പുസ്തക പ്രകാശന കർമ്മമാണിതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. വിദ്യാഭ്യാസ, സാംസ്കാരിക, ബിസിനസ് രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. 500 വിദ്യാർത്ഥി എഴുത്തുകാരെ ഒരേസമയം സമൂഹത്തിന് സമർപ്പിക്കുന്ന ഈ വേദി റിയാദിലെ സാംസ്കാരിക ലോകത്തിന് പുതിയൊരു അനുഭവമാകും.



