ജിദ്ദ – രണ്ടാം ലോക മഹായുദ്ധത്തിനിടെ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ച ആണവബോംബുകളെക്കാള്‍ പലമടങ്ങ് പ്രഹര ശേഷിയുള്ള ബോംബുകള്‍ ഗാസയില്‍ ഇസ്രായില്‍ ഇതിനകം ഉപപയോഗിച്ചതായി അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ഗെയ്ത്ത് പറഞ്ഞു. കയ്‌റോയില്‍ അറബ് ലീഗ് ആസ്ഥാനത്ത് അറബ് സാമ്പത്തിക, സാമൂഹിക മന്ത്രിമാരുടെ 114-ാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു സെക്രട്ടറി ജനറല്‍. യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് യോഗത്തില്‍ അധ്യക്ഷം വഹിച്ചു. പതിനായിരക്കണക്കിന് ടണ്‍ ബോംബുകള്‍ ഇതിനകം ഗാസയില്‍ വര്‍ഷിച്ചിട്ടുണ്ടെന്ന് അഹ്മദ് അബുല്‍ഗെയ്ത്ത് പറഞ്ഞു.
ഇത് രണ്ടാം ലോകമഹായുദ്ധ സമയത്ത് ഹിരോഷിമ, നാഗസാക്കി നഗരങ്ങളില്‍ വര്‍ഷിച്ച അണുബോംബുകളുടെ ശക്തിയെക്കാള്‍ വളരെ കൂടുതലാണ്. ഗാസയില്‍ വര്‍ഷിച്ച ബോംബുകളും സ്‌ഫോടക വസ്തുക്കളും മാനുഷികവും ഭൗതികവുമായ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. ഇതില്‍ നിന്നുള്ള വീണ്ടെടുപ്പ് എളുപ്പമല്ല. ഫലസ്തീനിലെ ക്രൂരമായ ഇസ്രായില്‍ ആക്രമണം ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിടാറായിരിക്കുന്നു. സംഘര്‍ഷത്തിന്റെ വൃത്തം വിപുലീകരിക്കാനുള്ള ഇസ്രായിലിന്റെ തുടര്‍ച്ചയായ സ്രമങ്ങള്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഇസ്രായിലിന്റെ ഇപ്പോഴത്തെ ആക്രമണം ഇത്തരത്തിലുള്ള ആദ്യത്തെതല്ല. പക്ഷേ, ഇത് തീര്‍ച്ചയായും ഏറ്റവും അക്രമാസക്തവും ഏറ്റവും പ്രാകൃതവും നിയമം, ധാര്‍മികത, മാനവിക എന്നിവയില്‍ നിന്ന് വ്യതിചലിച്ചതുമാണ്.
ഒരു പ്രാദേശിക യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള യഥാര്‍ഥ അപകട സാധ്യത ഇപ്പോഴത്തെ യുദ്ധം ഉയര്‍ത്തുന്നു എന്ന കാര്യം രഹസ്യമല്ല. ഇത്തരത്തിലൊരു യുദ്ധം മേഖലക്കും ലോകത്തിനാകമാനവും ഭയാനകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. വികസനവും പുരോഗതിയും ആഗ്രഹിക്കുന്ന ജനവിഭാഗങ്ങളില്‍ അതിന്റെ ആഘാതം ഗുരുതരമായിരിക്കും. ഇത്തരമൊരു യുദ്ധം മേഖലയെ വര്‍ഷങ്ങളോളം പിന്നോട്ട് നയിക്കും.
കഴിഞ്ഞ കാലം ഫലസ്തീനികള്‍ക്ക് ദുരിതം നിറഞ്ഞതായിരുന്നു. തങ്ങളാല്‍ കഴിയുംവിധം ഈ ദുരിതങ്ങളുമായി ഫലസ്തീന്‍ ജനത പൊരുത്തപ്പെട്ടുപോന്നു. മനുഷ്യന് താങ്ങാവുന്നതിലും അപ്പുറമുള്ള കടുത്ത സാഹചര്യങ്ങള്‍ അവര്‍ ക്ഷമയോടെയും ശിരസ്സ് ഉയര്‍ത്തിപ്പിടിച്ചും സഹിച്ചു. നീതിയുക്തമായ പ്രശ്‌നത്തിനു വേണ്ടി നിലയുറപ്പിച്ച് പ്രതിരോധിക്കുന്ന ഫലസ്തീന്‍ ജനതയുടെ വിശ്വാസം ശത്രുവിന്റെ ബോംബുകള്‍ക്കും ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും മുന്നില്‍ ഒരു തരത്തിലും പതറുന്നില്ല.
അക്രമിയെ നിലക്കു നിര്‍ത്താന്‍ അന്താരാഷ്ട്ര സമൂഹം അശക്തമാണെന്നു മാത്രമല്ല, ചിലപ്പോഴൊക്കെ, ശിക്ഷയില്ലാതെയും കണക്കു പറയേണ്ടതില്ലാതെയും ക്രൂരതകള്‍ ചെയ്യുന്നത് തുടരാന്‍ അന്താരാഷ്ട്ര സമൂഹം ഇസ്രായിലിന് കവചമൊരുക്കുന്നതായും അറബ് ലീഗ് സെക്രട്ടറി ജനറല്‍ പറഞ്ഞു.
ഗാസയിലും വെസ്റ്റ് ബാങ്കിലും യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ഫലസ്തീന്‍ സമ്പദ്‌വ്യവസ്ഥക്കും ഫലസ്തീന്‍ അതോറിറ്റിക്കും സാമ്പത്തിക പിന്തുണ നല്‍കാനുള്ള അടിയന്തിര പദ്ധതി അറബ് സാമ്പത്തിക മന്ത്രിമാരുടെ യോഗം അംഗീകരിച്ചു. ഗാസയിലും വെസ്റ്റ് ബാങ്കിലും യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായങ്ങള്‍ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.