ബിഷ: സൗദി അറേബ്യയിലെ ബിഷയിൽ ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ട രാജസ്ഥാൻ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും. രാജസ്ഥാൻ ബൻസ്വാറ സ്വദേശി ശങ്കർ ലാൽ (23) ആണ് രണ്ടാഴ്ച മുമ്പ് ഒരു എത്യോപ്യൻ സഹപ്രവർത്തകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ബിഷ കിംഗ് അബ്ദുല്ലാ ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹം, നിയമനടപടികൾ പാലിച്ച ശേഷം ഇന്ന് ബിഷയിൽനിന്ന് റിയാദ് വഴി അഹമ്മദാബാദ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും. മൃതദേഹം നാളെ അഹമ്മദാബാദിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ശങ്കർ ലാൽ ബിഷയിൽ ആട്ടിടയനായി ജോലി ചെയ്തുവരികയായിരുന്നു. സൗദി പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നിയമനടപടികൾ പൂർത്തിയാക്കാൻ ബിഷയിലെ സാമൂഹിക പ്രവർത്തകനും ജിദ്ദ കോൺസുലേറ്റിന്റെ CCWA അംഗവുമായ കൊണ്ടോട്ടി സ്വദേശി അബ്ദുൽ അസീസ് പാതിപറമ്പനെ ശങ്കർ ലാലിന്റെ കുടുംബം ചുമതലപ്പെടുത്തി.
ഒരു മാസം മുമ്പ്, ബിഷയ്ക്ക് സമീപം കേരളത്തിലെ കാസർഗോഡ് സ്വദേശി വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.