റിയാദ്: റിയാദിലെ മുസാഹ്മിയയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കൊല്ലം കരിങ്ങന്നൂർ സ്വദേശി അബ്ദുൽ റഷീദിന്റെ മകൻ ഷുഹൈബ് (33) ന്റെ മൃതദേഹം മുസാഹ്മിയയിൽ ഖബറടക്കി. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ഷുഹൈബ് സഞ്ചരിച്ചിരുന്ന ഡബിൾ ഡോർ പിക്കപ്പ് വാഹനം മുസാഹ്മിയയിലെ അൽ-ബക്കറക് പ്രദേശത്തിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഷുഹൈബായിരുന്നു വാഹനമോടിച്ചിരുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരു മലയാളിയുൾപ്പെടെ മൂന്ന് പേർ അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മുസാഹ്മിയയിൽ ഖബറടക്കി. ഖബറടക്കത്തിനും അനുബന്ധ നടപടിക്രമങ്ങൾക്കും കേളി മുസാഹ്മിയ ഏരിയ ജീവകാരുണ്യ കമ്മിറ്റി കൺവീനറും കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗവുമായ നിസാർ റാവുത്തർ, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ജോയിന്റ് കൺവീനർ നാസർ പൊന്നാനി എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മരിച്ച ഷുഹൈബിന് ഭാര്യയും നാലു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്.



