ജിദ്ദ – സൗദി അറേബ്യയിൽ ബിനാമി ബിസിനസുകൾക്കെതിരെയുള്ള നടപടികൾ കടുപ്പിച്ച് വാണിജ്യ മന്ത്രാലയം. കഴിഞ്ഞ വർഷം മാത്രം രാജ്യത്തെ വിവിധ പ്രവിശ്യകളിലായി 35,280 സ്ഥാപനങ്ങളിലാണ് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം പരിശോധന നടത്തിയത്. ബിനാമി ഇടപാടുകൾ നടക്കുന്നുവെന്ന ശക്തമായ സംശയത്തിന്റെയും സൂചനകളുടെയും അടിസ്ഥാനത്തിലായിരുന്നു ഈ വ്യാപക പരിശോധന. ഇതിൽ പ്രാഥമിക അന്വേഷണത്തിൽ തന്നെ ബിനാമി ബിസിനസ് ആണെന്ന് തെളിഞ്ഞ 1,017 സ്ഥാപനങ്ങളെ അധികൃതർ കണ്ടെത്തി. പൊതുജനങ്ങളിൽ നിന്നും വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുമായി 6,373 പരാതികളാണ് ബിനാമി സ്ഥാപനങ്ങളെക്കുറിച്ച് മന്ത്രാലയത്തിന് ലഭിച്ചത്.
ലഭിച്ച പരാതികളിൽ വിശദമായ അന്വേഷണം നടത്തിയ ശേഷം, ശിക്ഷാ നടപടികൾക്കായി 724 സ്ഥാപനങ്ങൾക്കെതിരെയുള്ള കേസുകൾ പ്രത്യേക സമിതിക്ക് കൈമാറിയിട്ടുണ്ട്. ബിനാമി നിയമലംഘനം നടത്തിയവർക്ക് ആകെ 86.9 ലക്ഷം റിയാൽ പിഴയാണ് കഴിഞ്ഞ വർഷം ചുമത്തിയത്. ഇതിൽ അതീവ ഗുരുതരമായ 47 കേസുകൾ കടുത്ത ശിക്ഷാ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം നിലവിൽ വന്ന ശേഷം ഇതുവരെ മൂന്ന് ലക്ഷത്തിലധികം സ്ഥാപനങ്ങളിൽ പരിശോധന പൂർത്തിയാക്കിയതായും കുറ്റക്കാരിൽ നിന്ന് 6.82 കോടി റിയാൽ പിഴയായി ഈടാക്കിയതായും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.



