മക്ക – ബിനാമി ബിസിനസ് കേസില്‍ സൗദി പൗരനെയും മ്യാന്മര്‍ സ്വദേശിയെയും മക്ക ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. വിദേശ നിക്ഷേപ ലൈസന്‍സ് നേടാതെ രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് മക്കയില്‍ ബിനാമിയായി കര്‍ട്ടന്‍, ഡെക്കറേഷന്‍ ബിസിനസ് സ്ഥാപനം നടത്തിയ മ്യാന്മര്‍ പൗരന്‍ ഹാറൂന്‍ അബ്ദുല്‍ഗനി അബ്ദുല്‍ജബ്ബാര്‍, ബിനാമി സ്ഥാപനം നടത്താന്‍ ആവശ്യമായ ഒത്താശകള്‍ വിദേശിക്ക് ചെയ്തുകൊടുത്ത സൗദി പൗരന്‍ സമീര്‍ ആയിശ് ആതിഖ് അല്‍മജ്‌നൂനി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇരുവര്‍ക്കും കോടതി പിഴ ചുമത്തി.
ബിനാമി സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും കോടതി ഉത്തരവിട്ടു. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സൗദി പൗരന് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും ഇരുവരില്‍ നിന്നും ഈടാക്കാനും വിധിയുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം മ്യാന്മര്‍ പൗരനെ സൗദിയില്‍ നിന്ന് നാടുകടത്താനും പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു. സൗദി പൗരന്റെയും മ്യാന്മര്‍ പൗരന്റെയും പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ ചെലവില്‍ പരസ്യപ്പെടുത്താനും കോടതി വിധിച്ചു.