റിയാദ്- ഇന്ത്യയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ ബാര്‍കോഡുളള ഇ- ടിക്കറ്റോ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്ത ബോര്‍ഡിംഗ് പാസോ വിമാനത്താവളങ്ങളില്‍ കാണിക്കണമെന്ന് ഗള്‍ഫ് എയര്‍ വിമാനക്കമ്പനി അറിയിച്ചു. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശപ്രകാരമുള്ള ഈ നിബന്ധന ഗള്‍ഫ് എയര്‍ യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ നിര്‍ബന്ധമാണ്.
ഇ- ടിക്കറ്റോ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്ത ബോര്‍ഡിംഗ് പാസോ ഇല്ലെങ്കില്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശനം ലഭിക്കില്ല. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ടിക്കറ്റ് ഏജന്‍സികളില്‍ നിന്നോ ഓണ്‍ലൈനില്‍ നിന്നോ ഇത്തരം രേഖകള്‍ ലഭിക്കും. ഇവയില്ലാതെ വിമാനത്താവളത്തിലെത്തി യാത്ര തടസ്സപ്പെട്ടാല്‍ കമ്പനി ഉത്തരവാദിയിരിക്കില്ലെന്നും ഗള്‍ഫ് എയര്‍ ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ അറിയിച്ചു. അതേസമയം മറ്റു വിദേശ എയര്‍ലൈനുകള്‍ ഇത്തരം സര്‍ക്കുലറുകള്‍ അയച്ചിട്ടില്ല. എന്നാല്‍ എല്ലാ ഇന്ത്യന്‍ എയര്‍ലൈനുകളും ഇപ്പോള്‍ ബാര്‍കോഡുളള ഇ- ടിക്കറ്റുകളാണ് നല്‍കുന്നത്.
കഴിഞ്ഞ മെയ് 10നാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ വിവിധ രീതിയിലുള്ള ടിക്കറ്റുകള്‍ പരിശോധിക്കുന്നതിന് ധാരാളം സമയമെടുക്കുന്നുണ്ടെന്നും ടിക്കറ്റുകള്‍ ബാര്‍ക്കോഡ് സഹിതം ഏകീകരിക്കണമെന്നും വിമാനത്താവള സുരക്ഷാചുമതലയുളള സിഐഎസ്എഫ് കേന്ദ്ര സര്‍ക്കാറിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വിമാനത്താവളങ്ങളില്‍ ചെക്ക് ഇന്‍ സമയം കുറക്കാന്‍ സഹായകമാകുന്നതിന് ബാര്‍കോഡുള്ള ഇ- ടിക്കറ്റുകള്‍ ഇഷ്യു ചെയ്യണമെന്ന് എല്ലാ എയര്‍ലൈനുകളോടും 2022ല്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ധാരാളം ടിക്കറ്റുകള്‍ ഇഷ്യു ആയതിനാല്‍ അത് പെട്ടെന്ന് നടപ്പാക്കാന്‍ സാധ്യമല്ലെന്ന് എയര്‍ലൈനുകള്‍ അറിയിച്ചു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ പ്രവേശിക്കുന്നതിനും ചെക്ക് ഇന്‍ ചെയ്യുന്നതിനും വന്‍തിരക്ക് അനുഭവപ്പെടുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു സര്‍ക്കാറിന്റെ ഈ നിര്‍ദേശം.