റിയാദ്– യാഥാർത്ഥ്യങ്ങളെ പൂർണ്ണമായും ഇന്ന് സോഷ്യൽ മീഡിയ ഉൾക്കൊള്ളുന്നില്ലയെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ഡോക്ടർ അരുൺ കുമാർ. റിയാദിൽ കേളി സംഘടിപ്പിച്ച ലിറ്ററേറ്ററി ഫെസ്റ്റിവലിന്റെ ഭാഗമായി മുഖാമുഖത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്ത് വാർത്തകളെ ജനം സ്വീകരിക്കുന്ന രീതിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ദീർഘമായ പോസ്റ്റുകൾ, വാർത്തകൾ ഒക്കെ ഒഴിവാക്കപ്പെടുന്നു, പകരം ചെറിയ വാർത്തകൾ, റീലുകൾ, കട്ടിംഗുകൾ ഒക്കെയാണ് ഇന്ന് കൂടുതൽ സ്വീകാര്യമാകുന്നത്. യാഥാർത്ഥ്യങ്ങളെ പൂർണ്ണമായും ഇന്ന് സോഷ്യൽ മീഡിയ ഉൾക്കൊള്ളുന്നില്ല. ഇത് പൊള്ളയായ ഒരു പുതു തലമുറയെയാണ് സൃഷ്ടിക്കുന്നതെന്ന് അരുൺ കുമാർ വ്യക്തമാക്കി.
‘ഭരണഘടന, ജനാധിപത്യ മൂല്യങ്ങൾ, മാധ്യമങ്ങൾ’ എന്ന വിഷയത്തിൽ ഡോക്ടർ അരുൺ കുമാറുമായി എം. എം. നയീം സംവദിച്ചു. നമ്മൾ അഭിമാനം കൊള്ളുന്ന സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നിവയ്ക്ക് യാതൊരു പ്രാധാന്യവും നിലവിൽ പൗരന് ലഭിക്കുന്നില്ലെന്നും, നിയമപരമായി അയിത്തം നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും രാജ്യത്തിന്റെ പലയിടത്തും രഹസ്യമായും പരസ്യമായും ഈ അവസ്ഥ നിലനിൽക്കുന്നുണ്ടെന്നും ഭരണഘടന തന്നെ ഭീഷണികൾ നേരിടുന്ന കാലമാണിതെന്നും, ന്യുനപക്ഷങ്ങൾ അരക്ഷിതരാകുന്ന സാഹചര്യത്തിൽ മതത്തിന്റെയും ജാതിയുടെയും പേരിൽ ഒറ്റയായും കൂട്ടമായും മനുഷ്യർ കൊല്ലപ്പെടുന്നു എന്നും അദ്ദേഹം കൂട്ടിചേർത്തു.
മാധ്യമ സ്വാതന്ത്ര്യത്തിൽ നമ്മുടെ അവസ്ഥ വളരെ പരിതാപകരമാണ്. ആഗോളതലത്തിൽ 181 രാജ്യങ്ങളിൽ നമ്മൾ 151ാം സ്‌ഥാനത്ത് എത്തി നിൽക്കുന്നു. ഇന്ത്യയിലെ 70 ശതമാനം മാധ്യമങ്ങളും ഒരേ സ്വഭാവമുള്ള കോർപ്പറേറ്റ് ഭീമൻമാരുടെ ഉടമസ്ഥതയിലാണ് നയിക്കുന്നത്. അതിനാൽ തന്നെ ശബ്ദമില്ലത്തവരുടെ ശബ്ദമാകാൻ ഇന്ന് മാധ്യമങ്ങൾക്ക് കഴിയുന്നില്ലയെന്നും ചൂണ്ടികാട്ടി.
അവിടെയും കേരളം വലിയ പ്രതീക്ഷകൾ വച്ചു പുലർത്തുന്നു. അതിദാരിദ്ര്യ വിമുക്ത കേരളം എന്നത് വലിയ സന്ദേശമാണ് നൽകുന്നത്. പൗരന്റെ യാതൊരാവകാശവും ലഭിക്കാതെ കഷ്ടതയിൽ ജീവിച്ച ഒരു കൂട്ടം മനുഷ്യർക്ക് ചെറിയ രീതിയിലെങ്കിലും സാന്ത്വനമേകാൻ അതിലൂടെ സാധിക്കുന്നു. ഏറ്റവും കഷ്ടത അനുഭവിക്കുന്ന ഈ ഒരു ജനതയെ കണ്ടെത്തുക എന്നത് ഒരു സർക്കാരിൻ്റെ പ്രാഥമിക ഉത്തരവാദിത്തം തന്നെയാണ്. സ്ഥിരം നേറ്റിവിറ്റി സർട്ടിഫിക്കറ്റ് കൊണ്ടുവരാനുള്ള തീരുമാനം കേരള സർക്കാറിന്റെ ഇച്ഛാശക്തിയുടെ മറ്റൊരു ഉദാഹരണമാണെന്നും പ്രമുഖ മാധ്യമ പ്രവർത്തകൻ ഡോക്ടർ അരുൺ കുമാർ പറഞ്ഞു.
ഏത് രീതിയിലുള്ള ഫാസിസവും അപകടമാണെന്നും അവ കടന്നു വരുന്ന വഴികൾ നമ്മൾ കാണാതെ പോകരുതെന്നും അതിദേശീയത അതി വൈകാരികമാകുന്നത് ഫാസിസം കടന്ന് വരുന്നതിന്റെ ഏറ്റവും വലിയ ലക്ഷണമാണെന്നും അരുൺ കുമാർ പറഞ്ഞു. സത്യങ്ങൾ വിളിച്ചു പറയുന്നതിൻ്റെ പേരിൽ അതിഭീകരമായ സൈബർ ആക്രമണങ്ങളാണ് നേരിടേണ്ടി വരുന്നതെന്നും തെളിവ് സഹിതം അദ്ദേഹം വിശദീകരിച്ചു.
സദസ്സിൽ നിന്നും ഉയർന്നു വന്ന ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി.



