ദമാം- ഹുറൂബ്, മത്തലൂബ്, തുടങ്ങി വിവിധ നിയമ ലംഘന കേസുകളിൽ ശിക്ഷ അനുഭവിച്ചവരും ദീർഘ നാളായി ഇത്തരം കേസുകൾ കാരണം നാട്ടിൽ പോകാനാവാതെ ഇന്ത്യൻ എംബസിയിൽ പരാതി നൽകിയവരുമായ അൻപതോളം ഇന്ത്യക്കാർ ദമാമിലെ സാമൂഹ്യ പ്രവർത്തകൻ വെങ്കിടേഷിന്റെ സഹായത്തോടെ ദമാം തർഹീലിൽ നിന്നും എക്സിറ്റ് നേടി നാട്ടിലേക്ക് മടങ്ങി.
എക്സിറ്റ് നേടിയ ഇരുപതോളം ഇന്ത്യക്കാർ വരും ദിവസങ്ങളിൽ നാട്ടിലേക്ക് മടങ്ങുന്നതിനുള്ള തയ്യാറെടുപ്പിലുമാണ്. കേരളത്തിന് പുറമെ തമിഴ്നാട്, കർണ്ണാടക, യു പി , ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്. സാമ്പത്തികമായി തകർന്ന നിരവധി കമ്പനികളിലെ നൂറു കണക്കിന് തൊഴിലാളികൾ മാസങ്ങളായി തൊഴിലും ശമ്പളവുമില്ലാതെ ലേബർ കോടതികളിൽ തങ്ങളുടെ മുടങ്ങി കിടക്കുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നതിനായി കേസുകൾ നൽകി പ്രതീക്ഷയോടെ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കയാണെന്ന് സാമൂഹ്യ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു.