ജിദ്ദ: കഴിഞ്ഞ കൊല്ലം ലോകത്ത് ഏറ്റവുമധികം ലാഭം രേഖപ്പെടുത്തിയ കമ്പനികളുടെ കൂട്ടത്തില്‍ സൗദി അറാംകൊ ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് സൗദി അറാംകൊ ഈ നേട്ടം നിലനിര്‍ത്തുന്നത്. ലോകത്ത് ഏറ്റവുമധികം ലാഭം നേടിയ 500 കമ്പനികള്‍ അടങ്ങിയ പട്ടികയിലാണ് സൗദി അറാംകൊ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി ദേശീയ എണ്ണ കഴിഞ്ഞ വര്‍ഷം 120 ബില്യണ്‍ ഡോളര്‍ ലാഭം നേടി.
അറാംകോയുടെ ഉടമസ്ഥതയിലുള്ള വന്‍ എണ്ണ ശേഖരവും കുറഞ്ഞ ഉല്‍പാദന ചെലവുമാണ് ഉയര്‍ന്ന ലാഭം കൈവരിക്കാന്‍ കമ്പനിയെ സഹായിക്കുന്നതെന്ന് ഫോ്സ് മാസിക പറയുന്നു. ഒരു ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കാന്‍ സൗദി അറാംകൊക്ക് മൂന്നു ഡോളറില്‍ കൂടാത്ത ചെലവാണ് വരുന്നത്. ഇത് എതിരാളികളായ പാശ്ചാത്യ എണ്ണ ഉല്‍പാദക കമ്പനികളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അറാംകൊയെ സഹായിക്കുന്നു.
ഏറ്റവും വലിയ വരുമാനം നേടിയ കമ്പനി എന്ന സ്ഥാനം തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷവും അമേരിക്കന്‍ വാള്‍മാര്‍ട്ട് സ്റ്റോര്‍ ശൃംഖല നിലനിര്‍ത്തിയെങ്കിലും കമ്പനിയുടെ ലാഭം 32 ശതമാനം തോതില്‍ കുറഞ്ഞ് 15 ബില്യണ്‍ ഡോളറിലെത്തി. ഏറ്റവുമധികം വരുമാനം നേടിയ കമ്പനികളില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന ആമസോണ്‍ കമ്പനി ലാഭം ഏകദേശം 11 ശതമാനം തോതില്‍ കുറഞ്ഞു. ആമസോണ്‍ കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ ലാഭം 30 ബില്യണ്‍ ഡോളറായി താഴ്ന്നു.
ഏറ്റവും ഉയര്‍ന്ന ലാഭം കൈവരിച്ച രണ്ടാമത്തെ കമ്പനി ആപ്പിള്‍ ആണ്. ആപ്പിള്‍ 97 ബില്യണ്‍ ഡോളര്‍ ലാഭം നേടി.
തൊട്ടുപിന്നിലുള്ള ബെര്‍ക്ക്‌ഷെയര്‍ ഹാഥവേ ഇന്‍കോര്‍പ്പറേറ്റഡ് 96 ബില്യണ്‍ ഡോളര്‍ ലാഭം കൈവരിച്ചു. ആല്‍ഫബെറ്റ് (73 ബില്യണ്‍ ഡോളര്‍), മൈക്രോസോഫ്റ്റ് (72 ബില്യണ്‍ ഡോളര്‍), ഇന്‍ഡസ്ട്രിയല്‍ ആന്റ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന (49 ബില്യണ്‍ ഡോളര്‍), മെറ്റ (39 ബില്യണ്‍ ഡോളര്‍) എന്നിവയാണ് ഏറ്റവും കൂടുതല്‍ ലാഭം നേടിയ കമ്പനികളില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ലോകത്തിലെ ഏറ്റവും വലിയ 500 കമ്പനികളുടെ മൊത്തം വരുമാനത്തില്‍ 2024 ല്‍ വെറും 0.1 ശതമാനം വളര്‍ച്ച മാത്രമാണുണ്ടായത്. ഈ കമ്പനികള്‍ ആകെ 41 ട്രില്യണ്‍ ഡോളര്‍ വരുമാനം നേടി. പട്ടികയിലെ ഏറ്റവും മികച്ച പത്തു കമ്പനികള്‍ മാത്രം 4.6 ട്രില്യണ്‍ ഡോളര്‍ ലാഭം കൈവരിച്ചു. ഇത് ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോല്‍പാദനത്തെക്കാള്‍ കൂടുതലാണ്.
ധനകാര്യ കമ്പനികള്‍ ശക്തമായ പ്രകടനം കാഴ്ചവെച്ചതായി പട്ടിക സൂചിപ്പിക്കുന്നു. ഏറ്റവും മികച്ച 50 കമ്പനികളുടെ കൂട്ടത്തില്‍ 14 ധനകാര്യ കമ്പനികള്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ നേടി. ഇതാദ്യമായി, അമേരിക്കന്‍ ഊര്‍ജ കമ്പനികളുടെ വരുമാനം ചൈനീസ് ഊര്‍ജ കമ്പനികളെക്കാള്‍ കൂടുതലായി. 139 അമേരിക്കന്‍ ഊര്‍ജ കമ്പനികള്‍ 13.8 ട്രില്യണ്‍ ഡോളര്‍ ലാഭം കൈവരിച്ചു. 133 ചൈനീസ് ഊര്‍ജ കമ്പനികള്‍ ലോകത്തിലെ ഏറ്റവും വലിയ 500 കമ്പനികളില്‍ ഇടം നേടുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group