റിയാദ്: വിശുദ്ധ അറഫാ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സംഘടിപ്പിച്ച ‘ആത്മീയ സംഗമവും ഇഫ്താർ വിരുന്നും’ ഭക്തിസാന്ദ്രമായി. എക്സിറ്റ് 18-ലെ അൽവലീദ് ഇസ്തിറാഹയിൽ വെച്ച് നടന്ന സംഗമത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. അറഫാ ദിനത്തിന്റെ പുണ്യവും ആത്മീയ ചൈതന്യവും ഉൾക്കൊണ്ട് അസർ നമസ്കാരാനന്തരം ആണ് പരിപാടികൾക്ക് തുടക്കമായത്. ഷൗകത്ത് അലി സഅദിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ അബ്ദുൽ റഹ്മാൻ സഖ്വാഫി ബദിയ അധ്യക്ഷത വഹിച്ചു.
ജബ്ബാർ കുനിയിൽ സ്വാഗതം പറഞ്ഞു.
തുടർന്ന് നടന്ന ആത്മീയ സദസ്സിൽ ബഷീർ മിസ്ബാഹി അറഫാ ദിനത്തിന്റെ പ്രാധാന്യത്തെയും പ്രവാസ ജീവിതത്തിലെ ആത്മീയ വിശുദ്ധിയെയും കുറിച്ച് മുഖ്യപ്രഭാഷണവും ഉൽബോധനവും നടത്തി. പതിനൊന്ന് വർഷം മുമ്പ് ഹജ്ജ് വേളയിൽ മിനായിൽ വെച്ച് മരണപ്പെട്ട ഐ.സി.എഫിന്റെ മുൻ ദാഇ മർഹൂം സുൽഫിക്കർ നഈമി ഉസ്താദിനെ ചടങ്ങിൽ അനുസ്മരിച്ചു. ലോക സമാധാനത്തിനും പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും അറഫയിലെ ഹാജിമാർക്കും വേണ്ടിയുള്ള പ്രത്യേക ദുആയോടെയാണ് സദസ്സ് സമാപിച്ചത്. തുടർന്ന് വിപുലമായ ഇഫ്താർ വിരുന്നും ഒരുക്കിയിരുന്നു. പരിപാടിക്ക് അബ്ദുൽഖാദിർ പള്ളിപ്പറമ്പ് നന്ദി രേഖപ്പെടുത്തി.



