റിയാദ് – അഞ്ചു വര്‍ഷത്തിനിടെ തലസ്ഥാന നഗരിയുടെ വടക്ക്, കിഴക്ക് ഭാഗങ്ങളിലെ അപാര്‍ട്ട്‌മെന്റ് വാടക ഏകദേശം 275 ശതമാനം വരെ വര്‍ധിച്ചതായി അഖാര്‍ പ്ലാറ്റ്ഫോമില്‍ നിന്നുള്ള ഡാറ്റകള്‍ വ്യക്തമാക്കുന്നു. വടക്കന്‍ റിയാദില്‍ അപ്പാര്‍ട്ട്‌മെന്റ് വാടക അഞ്ച് വര്‍ഷത്തിനിടെ ശരാശരി 173 ശതമാനമാണ് വര്‍ധിച്ചത് . വടക്കന്‍ റിയാദിലെ 21 പ്രദേശങ്ങളിൽ മൂന്നു ബെഡ്‌റൂം അടങ്ങുന്ന അപാര്‍ട്ട്‌മെന്റുകൾക്ക് ശരാശരി വാര്‍ഷിക വാടക കഴിഞ്ഞ ആഗസ്റ്റിന്റെ അവസാനത്തോടെ 80,000 റിയാലിലെത്തിയിരുന്നു. 2020 ല്‍ ഇത് വെറും 29,000 റിയാലായിരുന്നു. ഈ കാലയളവില്‍ അല്‍മസീഫ് ഡിസ്ട്രിക്ടിലാണ് വാടകയില്‍ ഏറ്റവും ഉയര്‍ന്ന കുതിച്ചുചാട്ടം രേഖപ്പെടുത്തിയത്. ഇവിടെ മൂന്നു ബെഡ്‌റൂം അപാര്‍ട്ട്‌മെന്റ് വാടക 275 ശതമാനം വര്‍ധിച്ചു. അപ്പാര്‍ട്ട്‌മെന്റിന്റെ ശരാശരി വാടക 85,000 റിയാൽ വരെ ഉയർന്നപ്പോൾ 2020 ല്‍ ഇത് 23,000 റിയാലായിരുന്നു.
കിഴക്കന്‍ റിയാദില്‍ മൂന്നു ബെഡ്‌റൂം അപാര്‍ട്ട്‌മെന്റുകളുടെ 2020 ല്‍ ഇത് 21,000 സൗദി റിയാലായിരുന്നു , എന്നാൽ ഇപ്പോൾ 144 ശതമാനം വര്‍ധിച്ച് 52,000 റിയാലാണ്. കിഴക്കന്‍ റിയാദില്‍ ഗര്‍ണാത്ത ഡിസ്ട്രിക്ടിലാണ് ഏറ്റവും ഉയര്‍ന്ന വാടക വര്‍ധനവ് രേഖപ്പെടുത്തിയത്. ഇവിടെ ശരാശരി വാടക 205 ശതമാനം വര്‍ധിച്ച് 63,000 റിയാലായി. അഞ്ച് വര്‍ഷം മുമ്പ് ഇവിടെ അപ്പാര്‍ട്ട്‌മെന്റിന്റെ ശരാശരി വാടക 21,000 റിയാലായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് അവസാനത്തോടെ, തലസ്ഥാനത്തിന്റെ വടക്കും കിഴക്കും ഭാഗങ്ങളില്‍ അഞ്ച് ഡിസ്ട്രിക്ടുകള്‍ വാടകയില്‍ ഒന്നാമതെത്തി. അല്‍തആവുന്‍ ഡിസ്ട്രിക്ട് ആണ് ശരാശരി വാടകയില്‍ ഒന്നാം സ്ഥാനത്ത്. ഇവിടെ മൂന്നു ബെഡ്‌റൂം അപാര്‍ട്ട്‌മെന്റിന്റെ ശരാശരി വാര്‍ഷിക വാടക 1,07,000 റിയാലാണ്. രണ്ടാം സ്ഥാനത്തുള്ള അല്‍നഖീലില്‍ 1,02,000 റിയാലും മൂന്നാം സ്ഥാനത്തുള്ള അല്‍ഗദീറില്‍ 1,00,000 റിയാലും നാലാം സ്ഥാനത്തുള്ള അല്‍സഹാഫയില്‍ 98,000 റിയാലും അഞ്ചാം സ്ഥാനത്തുള്ള ഹിത്തീനില്‍ 90,000 റിയാലുമാണ് ശരാശരി വാടക.
റിയാദില്‍ അഞ്ച് വര്‍ഷത്തേക്ക് പാര്‍പ്പിട, വാണിജ്യ വാടക സ്ഥിരപ്പെടുത്തുകയും നിലവിലുള്ളതും പുതിയതുമായ കരാറുകളില്‍ വാടക വര്‍ധനവ് അഞ്ചു വര്‍ഷത്തേക്ക് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. വാടക കരാറുകള്‍ ഈജാര്‍ നെറ്റ്വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. നിയമ ലംഘകര്‍ക്ക് ഒരു വര്‍ഷത്തെ വാടക തുകക്ക് തുല്യമായ തുക വരെ പിഴ ചുമത്തും.