റിയാദ്- അന്താരാഷ്ട്ര എന്‍.ജി.ഒ സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ വിഭാഗം ‘റിസ’ യുടെ പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ഓണ്‍ലൈന്‍ മൂല്യനിര്‍ണയപരീക്ഷ മെയ് 25 ശനിയാഴ്ച സൗദി സമയം വൈകുന്നേരം 7നു നടക്കും.
സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളിലെ ഗ്രേഡ് 8 മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റു സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ ആയിരത്തി നാനൂറില്‍പരം പേരാണ് ആദ്യഘട്ട പരിശീലനത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഒന്നാംഘട്ട വെബിനാറില്‍ പങ്കെടുക്കുകയും റിസയുടെ സര്‍വേ ചോദ്യാവലി പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കാണ് പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. പരീക്ഷാ ലിങ്ക് ഇമെയില്‍ ആയി അയക്കുന്നതാണ്. ലോക പുകയില വിരുദ്ധ ദിനമായ മെയ് 31 നു റിസ സംഘടിപ്പിക്കുന്ന വെബിനാറില്‍ വിജയികളെ പ്രഖ്യാപിക്കുകയും തുടര്‍ന്ന് അവര്‍ക്കുള്ള ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍ റിസയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതുമാണ്.
വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപഭോഗം ഫലപ്രദമായി തടയുവാന്‍ പൊതുസമൂഹത്തെ പ്രാപ്തരാക്കാന്‍ ശേഷിയുള്ള സന്നദ്ധ സേവകരെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ഇടയില്‍ നിന്ന് ശാസ്ത്രീയ പരിശീലനത്തിലൂടെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ നടത്തുന്ന സൗജന്യ പരിശീലന പരിപാടിയാണ് റിസാ ടോട്ട് . പതിനായിരം പേര്‍ക്ക് സൗജന്യ പരിശീലനം നല്‍കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ് അറിയിച്ചു.
പ്രോഗ്രാം കമ്മിറ്റി യോഗത്തില്‍ റിസാ കണ്‍സള്‍ട്ടന്റ് ഡോ. എ.വി ഭരതന്‍, ഡോ. തമ്പി വേലപ്പന്‍ (ക്ലിനിക് ആക്ടിവിറ്റി കോഡിനേറ്റര്‍), കരുണാകരന്‍ പിള്ള (സ്റ്റേറ്റ് കോഡിനേറ്റര്‍), സലാം പി .കെ (നോര്‍ത്ത് സോണ്‍ കണ്‍വീനര്‍, കേരളം), ജോര്‍ജ് കുട്ടി മക്കുളത്ത് (സൗത്ത് സോണ്‍, കേരളം), മീരാ റഹ്മാന്‍, പത്മിനി യു നായര്‍ (സ്‌കൂള്‍ ആക്ടിവിറ്റി കോഡിനേറ്റര്‍മാര്‍), നിസാര്‍ കല്ലറ (പബ്ലിസിറ്റി കണ്‍വീനര്‍), ജഹീര്‍ എന്‍ജിനീയര്‍ (ഐ.ടി വിഭാഗം), സൗദിയിലെ വിവിധ പ്രവിശ്യാ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഡോ. നജീബ് (ജിദ്ദ), ഷമീര്‍ യുസഫ് (ജുബൈല്‍), നൗഷാദ് ഇസ്മായില്‍ (ദമാം) എന്നിവര്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group