റിയാദ് – തലസ്ഥാന നഗരിയില്‍ മസ്ജിദില്‍ നിന്ന് പതിവായി വൈദ്യുതിയും വെള്ളവും മോഷ്ടിച്ച ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കുടുങ്ങി. മസ്ജിദിനു സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇന്റര്‍നാഷണല്‍ സ്‌കൂളാണ് പള്ളിയില്‍ നിന്ന് വൈദ്യുതിയും വെള്ളവും മോഷ്ടിച്ചിരുന്നത്. മസ്ജിദിന്റെ വൈദ്യുതി ബില്‍ ഏറെ ഉയരുന്നത് ശ്രദ്ധയില്‍ പെട്ട് ഇസ്‌ലാമികകാര്യ മന്ത്രാലയത്തിനു കീഴിലെ മസ്ജിദ് പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫീല്‍ഡ് സംഘം നടത്തിയ പരിശോധനയിലാണ് മസ്ജിദിന്റെ ടാങ്കില്‍ നിന്ന് സ്‌കൂളിന്റെ ടാങ്കിലേക്ക് പൈപ്പ് സ്ഥാപിച്ച് വെള്ളം മോഷ്ടിക്കുന്നതായും വൈദ്യുതി കവരുന്നതായും കണ്ടെത്തിയത്.
സ്‌കൂളില്‍ വാട്ടര്‍ മീറ്ററില്ല. സ്‌കൂളിന്റെ വൈദ്യുതി, ജല ഉപയോഗത്തിന്റെ ബില്ലുകള്‍ നല്‍കിയിരുന്നത് ഇസ്‌ലാമികകാര്യ മന്ത്രാലയമാണ്. മസ്ജിദിലും സ്‌കൂളിലും ഇസ്‌ലാമികകാര്യ മന്ത്രാലയത്തിനു കീഴിലെ മസ്ജിദ് പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫീല്‍ഡ് സംഘം പരിശോധനകള്‍ നടത്തി വൈദ്യുതി, ജല മോഷണം കൈയോടെ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അല്‍ഇഖ്ബാരിയ ചാനല്‍ സംപ്രേക്ഷണം ചെയ്തു.