റിയാദ്: നൂതനവും ആകർഷകവുമായ പദ്ധതികളിലൂടെ വിദ്യാഭ്യാസ വൈജ്ഞാനിക രംഗത്ത് ശ്രദ്ധേയമായ ചുവടുവെപ്പുകൾ നടത്തുന്ന അലിഫ് ഇൻ്റർനാഷണൽ സ്കൂളിന്റെ വിജയഗാഥയിൽ മറ്റൊരു പൊൻതൂവൽ കൂടി. അമേരിക്കയിലെ പ്രശസ്തമായ കൊളംബിയ യൂനിവേഴ്‌സിറ്റിയില്‍ ഫുള്ളി ഫണ്ടഡ് ഫെല്ലോഷിപ്പോടെ മാസ്റ്റേഴ്‌സ് ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസ് ആന്‍ഡ് മുസ്‌ലിം കള്‍ച്ചേഴ്സ് പ്രോഗ്രാമിന് അലിഫ് പൂർവവിദ്യാർത്ഥി എം അബ്ദുല്‍ ഫത്താഹിന് അവസരം ലഭിച്ചു. മാസ്റ്റേഴ്സ് ഇൻ ഇസ്ലാമിക് സ്റ്റഡീസ് ആൻഡ് മുസ്ലിം കൾച്ചർ എന്ന പ്രോഗ്രാമിനാണ് ഫത്താഹിന് അവസരം ലഭിച്ചത്. ട്യൂഷൻ ഫീ, ഹെല്ത്ത് ഇൻഷുറൻസ്, ലിവിങ് സ്റ്റൈപ്മെൻഡ്, സമ്മർ ലാഗ്വേജ് ഇൻസ്ട്രക്ഷൻ എന്നിവ അടങ്ങിയതാണ് ഫെല്ലോഷിപ്പ്. ന്യുയോർക്കിലും ലണ്ടനിലും ഓരോ വർഷം ചെലവഴിക്കുന്ന രീതിയിലാണ് പ്രോഗ്രാം സംവിധാനിച്ചിരിക്കുന്നത്. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് ബിരുദാനന്തര വിദ്യാർഥിയാണ് അബ്ദുല്‍ ഫത്താഹ്.
ജാമിഅ മദീനത്തുന്നൂരില്‍ നിന്ന് ബാച്ചിലേഴ്സ് ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബി എ ഇംഗ്ലീഷും കരസ്ഥമാക്കിയതിന് പുറമെ ബ്രിട്ടീഷ് സൊസൈറ്റി ഫോര്‍ മി്ഡില്‍ ഈസ്റ്റ് സ്റ്റഡീസ്, ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ഗവേഷണ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
പഠന പാഠ്യേതര മേഖലയിൽ മികവ് പുലർത്തി വിദ്യാർഥികൾക്കിടയിലും അധ്യാപകർക്കിടയിലും ശ്രദ്ധേയനായ ഫത്താഹ് അലിഫ് ഇൻ്റർനാഷണൽ സ്കൂളിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയാണ്.
മലപ്പുറം കടക്കാട്ടുപാറ സ്വദേശികളായ അബ്ദുറഹ്മാന്‍ സഖാഫി-സൈനബ ദമ്പതികളുടെ മകനാണ്. മികച്ച നേട്ടം കൈവരിച്ച ഫത്താഹിനെ അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഡയറക്ടർ ലുഖ്മാൻ അഹ്‌മദ് അഭിനന്ദിച്ചു.