മദീന – അൽഉലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് നിർജ്ജീവ അഗ്നിപർവ്വത മലയായ ഹറത്ത് ഉവൈരിദിന്റെ മുകളിലുള്ള ഹറത്ത് വ്യൂപോയിന്റ്. അൽഉലയുടെ വൈവിധ്യമാർന്ന ഭൂപ്രകൃതിയുടെ മനോഹരമായ കാഴ്ചകൾ ഈ പ്രകൃതിദത്ത വ്യൂപോയിൻ്റ് സന്ദർശകർക്ക് നൽകുന്നു.
പുരാതനവും ആധുനികവുമായ കെട്ടിടങ്ങൾ, പച്ചപ്പ് നിറഞ്ഞ മരുപ്പച്ചകൾ, പാറക്കെട്ടുകൾ, വിശാലമായ മരുഭൂ മലയിടുക്കുകൾ എന്നിവയുടെയെല്ലാം ആകർഷകമായ ദൃശ്യമാണ് ഇവിടെ നിന്നാൽ കാണാൻ സാധിക്കുക. ഈ കാഴ്ച പ്രദേശത്തിന്റെ സംസ്കാരവും പാരിസ്ഥിതിക വൈവിധ്യവും വിളിച്ചോതുന്നു. അൽഉലയിലെ വ്യൂപോയിന്റുകളിൽ ഏറ്റവും മനോഹരമാണ് ഹറത്ത് വ്യൂപോയിന്റ്. ചക്രവാളം വരെ നീളുന്ന വിശാലമായ പനോരമിക് കാഴ്ചയാണ് ഇതിന്റെ പ്രത്യേകത. പ്രകൃതിയുടെ മനോഹാരിതയും ചരിത്രത്തിന്റെ ഓർമ്മകളും സമന്വയിക്കുന്ന ഒരനുഭവം ഇത് സന്ദർശകർക്ക് നൽകുന്നു.
സൂര്യാസ്തമയ സമയത്താണ് ഇവിടെ കാഴ്ചകൾക്ക് ഏറ്റവും അധികം ഭംഗിയേറുന്നത്. സൂര്യൻ അസ്തമിക്കുമ്പോൾ അൽഉലയുടെ ലാൻഡ്മാർക്കുകൾ, മരുപ്പച്ചകൾ, പരമ്പരാഗത വീടുകൾ എന്നിവ അതിശയിപ്പിക്കുന്ന വ്യക്തതയോടെ ഉയർന്നു കാണാം. ചക്രവാളത്തെ ഊഷ്മളമായ നിറങ്ങളാൽ മനോഹരമാക്കുന്ന മാന്ത്രിക സൂര്യാസ്തമയത്തോടെ ഈ കാഴ്ച പൂർണ്ണമാകുന്നു.
സന്ദർശകർക്കായി സുഖപ്രദമായ ഇരിപ്പിടങ്ങൾ, വിവിധ സേവനങ്ങൾ, രുചികരമായ ഭക്ഷണങ്ങൾ വിളമ്പുന്ന റെസ്റ്റോറൻ്റ് എന്നിവ ഇവിടെയുണ്ട്. പ്രകൃതി ആസ്വാദനവും ഭൂപ്രകൃതിയെക്കുറിച്ചുള്ള ധ്യാനവും സമന്വയിപ്പിക്കുന്ന ഈ ടൂറിസ്റ്റ് കേന്ദ്രം, ആഭ്യന്തര, വിദേശ സന്ദർശകർക്കായി തുറന്നിരിക്കുന്ന പ്രധാന സ്ഥലമെന്ന നിലയിൽ അൽഉലയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.



