മദീന – അല്‍ഉല അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനലുകളുടെ വിപുലീകരണ പദ്ധതി സാംസ്‌കാരിക മന്ത്രിയും അല്‍ഉല റോയല്‍ കമ്മീഷന്‍ ഗവര്‍ണറുമായ ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്ലിജ്, അല്‍ഉല റോയല്‍ കമ്മീഷന്‍ സി.ഇ.ഒ അബീര്‍ അല്‍അഖ്ല്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് പ്രധാന ലോജിസ്റ്റിക്സ്, എയര്‍ ഹബ് എന്ന നിലയില്‍ അല്‍ഉലയുടെ സ്ഥാനം വര്‍ധിപ്പിക്കാനുമുള്ള അല്‍ഉല റോയല്‍ കമ്മീഷന്റെ പ്രതിബദ്ധതയെ ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നു.
യാത്രക്കാരുടെ എണ്ണത്തിലെ ദ്രുതഗതിയിലുള്ള വളര്‍ച്ചയുമായും അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകളുടെ വര്‍ധിച്ചുവരുന്ന ആവൃത്തിയുമായും ഒത്തുപോകാനും സന്ദര്‍ശകരില്‍ നിന്നും നിക്ഷേപകരില്‍ നിന്നും വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ ദര്‍ശനത്തിന്റെ ഭാഗമാണ് എയര്‍പോര്‍ട്ട് വിപുലീകരണ പദ്ധതി നടപ്പാക്കിയത്. അല്‍ഉലയില്‍ ടൂറിസത്തിന്റെയും സാമ്പത്തിക വികസനത്തിന്റെയും പ്രധാന ചാലകശക്തി എന്ന നിലയില്‍ വിമാനത്താവളത്തിന്റെ പങ്ക് ഇത് ശക്തിപ്പെടുത്തും.
അല്‍ഉലയുടെ സുസ്ഥിര വളര്‍ച്ചയെ പിന്തുണക്കുക, പ്രവര്‍ത്തന സന്നദ്ധത വര്‍ധിപ്പിക്കുക, യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുക, സന്ദര്‍ശകരെയും നിക്ഷേപകരെയും വിമാന കമ്പനികളെയും സേവിക്കുന്ന സംയോജിത സംവിധാനം നല്‍കുക എന്നീ പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് അല്‍ഉല അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലുകളുടെ വിപുലീകരണ പദ്ധതിയെന്ന് അല്‍ഉല റോയല്‍ കമ്മീഷന്‍ വിശദീകരിച്ചു. ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് സര്‍വീസ് തന്ത്രത്തിന്റെയും വിഷന്‍ 2030ന്റെയും ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, ടൂറിസം, വ്യോമയാന മേഖലകളില്‍ മികച്ച നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ അല്‍ഉലയുടെ ആകര്‍ഷണം ശക്തിപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.
വികസന പദ്ധതിയിലൂടെ ടെര്‍മിനല്‍ കെട്ടിടങ്ങളുടെ മൊത്തം വിസ്തീര്‍ണ്ണം ഏകദേശം 44 ശതമാനം തോതില്‍ വര്‍ധിച്ച്, 3,800 ചതുരശ്ര മീറ്ററില്‍ നിന്ന് 5,450 ചതുരശ്ര മീറ്ററായി. വിമാനത്താവളത്തിന്റെ പ്രതിവര്‍ഷ ശേഷി നാലു ലക്ഷം യാത്രക്കാരില്‍ നിന്ന് ഏഴു ലക്ഷം യാത്രക്കാരായി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. യാത്രക്കാരുടെ എണ്ണം 75 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ വികസന പദ്ധതി സഹായിക്കും.
നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയും സേവന നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഇ-ഗേറ്റുകള്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് സൊല്യൂഷനുകളുടെയും സാങ്കേതികവിദ്യകളുടെയും സംയോജനത്തിലൂടെ യാത്രക്കാരുടെ അനുഭവത്തിന്റെ സമഗ്രമായ നവീകരണം വിപുലീകരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര ആഗമന ഹാളില്‍ ജവാസാത്ത് കൗണ്ടറുകളുടെ എണ്ണം നാലില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തി. ഭാവിയില്‍ വിമാന ഗതാഗതത്തില്‍ ഉണ്ടാകുന്ന വളര്‍ച്ചയെ കാര്യക്ഷമമായി നേരിടാനുള്ള വിമാനത്താവളത്തിന്റെ സന്നദ്ധത ഉറപ്പാക്കാന്‍ ഇത് സഹായിക്കും.
ഡെസ്റ്റിനേഷന്‍ ശൃംഖല വികസിപ്പിച്ചതും അന്താരാഷ്ട്ര വിമാനക്കമ്പനികളെ ആകര്‍ഷിച്ചതും അടക്കം സമീപ വര്‍ഷങ്ങളില്‍ അല്‍ഉല അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടപ്പാക്കിയ വികസന സംരംഭങ്ങളുടെ ഒരു പരമ്പരയുടെ തുടര്‍ച്ചയാണ് ഈ പദ്ധതി. ഇക്കഴിഞ്ഞ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഫോറത്തില്‍, അല്‍ഉല റോയല്‍ കമ്മീഷന്‍ സ്വകാര്യ വിമാന ടെര്‍മിനല്‍ (എയര്‍ക്രാഫ്റ്റ് ഹാംഗര്‍) മാനേജ്‌മെന്റിനും പ്രവര്‍ത്തിപ്പിക്കാനുമായി കരാര്‍ ഒപ്പുവെച്ചിരുന്നു. ഇത് ഗ്രൗണ്ട് സര്‍വീസുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും വിമാനത്താവളത്തിന്റെ ദീര്‍ഘകാല പ്രവര്‍ത്തന സന്നദ്ധതയെ പിന്തുണക്കുകയും ചെയ്യുന്നു.
ഉയര്‍ന്ന സുസ്ഥിരതാ മാനദണ്ഡങ്ങള്‍ പാലിച്ചും അല്‍ഉലയുടെ സാംസ്‌കാരികവും പ്രകൃതിദത്തവുമായ സ്വത്വം സംരക്ഷിച്ചും സാമ്പത്തിക വികസനത്തെ പിന്തുണക്കാനും ടൂറിസം, വ്യോമയാന, ലോജിസ്റ്റിക്സ് മേഖലകളെ ശാക്തീകരിക്കാനും നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കാനും അല്‍ഉല അന്താരാഷ്ട്ര വിമാനത്താവള വികസനം സഹായിക്കുമെന്ന് അല്‍ഉല റോയല്‍ കമ്മീഷന്‍ വ്യക്തമാക്കി. പ്രാദേശികമായും അന്തര്‍ദേശീയമായും മുന്‍ഗണനാ വിപണികളുമായുള്ള വ്യോമ ബന്ധം മെച്ചപ്പെടുത്തുന്നതിലും പ്രധാന സാംസ്‌കാരിക, ടൂറിസം പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിനെ പിന്തുണക്കുന്നതിലും സന്ദര്‍ശകര്‍ക്കും നിക്ഷേപകര്‍ക്കും സേവനം നല്‍കുന്ന വ്യോമ, ലോജിസ്റ്റിക്സ് കേന്ദ്രമെന്ന നിലയില്‍ അല്‍ഉലയുടെ സ്ഥാനം ഉറപ്പിക്കുന്നതിലും അല്‍ഉലയുടെ സമഗ്രവും സുസ്ഥിരവുമായ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സംഭാവന നല്‍കുന്നതിലും അല്‍ഉല അന്താരാഷ്ട്ര വിമാനത്താവളം നിര്‍ണായക പങ്ക് വഹിക്കുന്നു.



