ജിദ്ദ- ആനന്ദമാധുരിയിൽ ജിദ്ദയെ നിറഞ്ഞാടിച്ച ഗസൽ വിരുന്ന് തീർത്ത് ഗായകൻ അലോഷി. പാട്ടിന്റെ കിനാവും കണ്ടുറങ്ങാൻ പാകത്തിൽ പ്രവാസിയുടെ ഉള്ളാകെ അലോഷി ഗൃഹാതുരത്വം നിറച്ചു. പാടാനോർത്ത മധുരിത ഗാനങ്ങളെല്ലാം പ്രവാസിയെ കൊണ്ട് അലോഷി പാടിപ്പിക്കുകയും താളത്തിനൊത്ത് ചുവടുവെപ്പിക്കുകയും ചെയ്തു. റിഹാബിലെ ലയാലി നൂർ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് പ്രവാസത്തിലെ ഒരിക്കലും മറക്കാത്ത രാത്രിയാണ് അലോഷിയും സംഘവും സമ്മാനിച്ചത്. നവോദയ ജിദ്ദ കലാവേദി സംഘടിപ്പിച്ച നവോദയോത്സവ് 2024 അവിസ്മരണീയമായി.
ഇന്ദ്രവല്ലരി പൂ ചൂടി വരും സുന്ദര ഹേമന്തരാത്രി,
എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ,
ഇവിടം വൃന്ദാവനമാക്കൂ എന്ന പാട്ടും പാടിയാണ് അലോഷി തുടങ്ങിയത്. ലയാലി നൂർ ഓഡിറ്റോറിയത്തെ അക്ഷരാർത്ഥത്തിൽ അലോഷി വൃന്ദാവനമാക്കി. അലോഷിയുടെ വിരലൊന്ന് മുട്ടിയപ്പോൾ പൊട്ടിച്ചിരിച്ച മണിവീണക്കമ്പികളായി ആരാധകർ മാറി. പാട്ടിനൊപ്പം ചുവടുവെച്ചും കൈ കൊട്ടിയും കാണികളും ഗായകനൊപ്പം ചേർന്നു. വേദിയും സദസ്സും പാട്ടിൽ ലയിച്ച അസുലഭ മൂഹൂർത്തം.
മലയാളി പാടിപ്പാടി നടക്കുന്ന പാട്ടുകളെല്ലാം അലോഷി പാടിത്തന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ഗസൽ ആസ്വദിക്കാനെത്തിയത്. നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര ഉദ്ഘാടനം ചെയ്തു. സി.എം അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ശിഹാബ് എണ്ണപ്പാടം, ഫിറോസ് മുഴപ്പിലങ്ങാട്, അനുപമ ബിജുരാജ് എന്നിവർ പ്രസംഗിച്ചു.