ആലപ്പുഴ: വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർ എത്ര മുതിർന്ന നേതാവായാലും പാർട്ടിയിൽ അവർക്ക് സ്ഥാനമുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജില്ലയിലെ സിപിഎമ്മിലുള്ള “കളകൾ’ പറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ആലപ്പുഴ ജില്ലാതല റിപ്പോർട്ടിങ്ങിലാണ് ഗോവിന്ദന്റെ മുന്നറിയിപ്പ്. പുന്നപ്ര വയലാറിന്റെ മണ്ണിലാണ് ഇത്തരം “കളകൾ’ ഉള്ളത്. അത് പറിച്ചു കളഞ്ഞേ പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റൂ. അവരെ ഒഴിവാക്കുന്നതിന്റെ പേരിൽ എന്ത് നഷ്ടം ഉണ്ടായാലും പാര്‍ട്ടിക്ക് പ്രശ്നമല്ലെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കായംകുളത്ത് എൽഡിഎഫ് മൂന്നാം സ്ഥാനത്തു പോയത് ഗൗരവമായി കാണും. സംഘടനാതലത്തിൽ ചില തിരുത്തലുകൾ ഉണ്ടാവണം. ഏരിയാ കമ്മിറ്റികളിലും ലോക്കൽ കമ്മിറ്റികളിലും ചിലർ പറയുന്നത് മാത്രമാണ് നടപ്പാക്കുന്നത്.
ഇത് അംഗീകരിക്കില്ല. തെറ്റുകൾ തിരുത്തി മുന്നോട്ടു പോകണമെന്നും എം.വി.ഗോവിന്ദൻ നിർദേശം നൽകി.