അൽ ഹസ്സ: ഇന്ത്യ മതനിരപേക്ഷ രാജ്യമായി നിലനിൽക്കണോ, അതോ സംഘപരിവാർ വിഭാവനം ചെയ്യുന്ന വിനാശകരമായ മത രാഷ്ട്രമായി മാറണോ എന്നു് തീരുമാനിക്കുന്ന നിർണ്ണായകമായ പാർലമെൻ്റ് പൊതുതെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ഇൻഡ്യാ മുന്നണിയെ അധികാരത്തിലെത്തിക്കേണ്ടത് മതേതര ജനാധിപത്യ വിശ്വാസികളുടെ കടമയും ഉത്തരവാദിത്വവുമാണെന്ന് അൽ ഹസ്സ യു ഡി എഫ് നേതൃയോഗം അഭിപ്രായപ്പെട്ടു.
ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോവുന്ന കേന്ദ്ര കേരള സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്തു കൂടിയാവും ഈ തെരഞ്ഞെടുപ്പെന്ന് ഒ ഐ സി സി, കെ എം സി സി സംയുക്ത യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പിന് മുമ്പായി പരമാവധി വോട്ടർമാരെ നാട്ടിലെത്തിക്കാനും, പ്രവാസി കുടുംബാംഗങ്ങളുടെ വോട്ടുകൾ യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് ഉറപ്പ് വരുത്താനും വിവിധ പ്രവർത്തന പരിപാടികൾക്ക് യോഗം പദ്ധതികൾ തയ്യാറാക്കിയതായി ഭാരവാഹികൾ അറിയിച്ചു.
വോട്ട് വിമാനം, വൺ കോൾ വൺ വോട്ട്, പ്രവാസി കുടുംബ യോഗങ്ങൾ എന്നിവ അവയിൽ ചിലതാണു്. 20-04-2024 ശനിയാഴ്ച വിപുലമായ യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കാനും ഹുഫൂഫിൽ കെ എം സി സി അൽ ഹസ്സ സെൻട്രൽ കമ്മിറ്റി ഓഫീസിൽ ചേർന്ന അൽ ഹസ്സ യു ഡി എഫ് നേതൃയോഗം തീരുമാനിച്ചു. പ്രസാദ് കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
അഷ്റഫ് ഗസാൽ, സുൽഫി ബാവ വഡാസ് ,അർശദ് ദേശമംഗലം, ഷമീർ പനങ്ങാടൻ, നവാസ് കൊല്ലം, അഹമ്മദ് കബീർ, എം ബി ഷാജു, ഷാനി ഓമശ്ശേരി, ഗഫൂർ വറ്റല്ലൂർ, സി പി എ നാസർ, അഫ്സൽ തിരൂർകാട്, അബ്ദുൽ സത്താർ കെ എന്നിവർ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു.
നാസർ പാറക്കടവ് സ്വാഗതവും, ഉമർ കോട്ടയിൽ നന്ദിയും പറഞ്ഞു.