റിയാദ്– സൗദിയില്‍ ആറു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ സ്വദേശികളും വിദേശികളും അടക്കം 25 ലക്ഷത്തിലേറെ പേര്‍ക്ക് തൊഴില്‍ ലഭിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി അഹ്‌മദ് അല്‍റാജ്ഹി പറഞ്ഞു. ദ്വിദിന ഗ്ലോബല്‍ ലേബര്‍ മാര്‍ക്കറ്റ് കോണ്‍ഫറന്‍സ് 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലോകമെമ്പാടും 26.2 കോടിയിലേറെ യുവതീയുവാക്കള്‍ തൊഴിലില്ലായ്മയുടെയും വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും അഭാവവും മൂലമുള്ള വെല്ലുവിളികള്‍ നേരിടുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ തൊഴില്‍ വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ആഗോളതലത്തില്‍ തൊഴില്‍ വിപണികളെ പുനര്‍നിര്‍മ്മിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് കൃത്രിമബുദ്ധിയാണ്. തൊഴില്‍ വിപണികള്‍ മെച്ചപ്പെടുത്തുന്നതില്‍ റോബോട്ടുകള്‍ സംഭാവന നല്‍കിയിട്ടുണ്ടെങ്കിലും അവ പല റോളുകളും മാറ്റിസ്ഥാപിച്ചിട്ടുണ്ട്. തൊഴിലിന്റെ ഭാവി ഇപ്പോള്‍ സുസ്ഥിരതയെയും തൊഴില്‍ വിപണി പരിവര്‍ത്തനങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണയെയും അടിസ്ഥാനമാക്കുന്നു. സൗദി തൊഴില്‍ വിപണി സമീപ വര്‍ഷങ്ങളില്‍ ശ്രദ്ധേയമായ വികസനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താനും തൊഴില്‍ വിപണിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും രാജ്യം ഗൗരവമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അഹ്‌മദ് അല്‍റാജ്ഹി ചൂണ്ടികാണിച്ചു.
നൈപുണ്യ വികസനവും കൃത്രിമബുദ്ധി അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകള്‍ അടിച്ചേല്‍പ്പിക്കുന്ന ദ്രുതഗതിയിലുള്ള പരിവര്‍ത്തനങ്ങള്‍ക്കുള്ള തയ്യാറെടുപ്പും പ്രധാനമാണ്. തൊഴില്‍ വിപണി നയങ്ങളിലെ ആഗോള മാറ്റത്തിന് സൗദി അറേബ്യ നേതൃത്വം നല്‍കുന്നുണ്ട്. തൊഴില്‍ വിപണികളെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണയില്‍ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കും. തൊഴില്‍ വിപണി പരിഷ്‌കാരങ്ങളുടെ വിജയം ശക്തമായ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ഫലപ്രദമായ ഏകോപനത്തെയും ആശ്രയിച്ചിരിക്കുന്നു. തൊഴില്‍ വിപണി സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിലും നൈപുണ്യ വികസനം വിപുലമാക്കുന്നതിലും തൊഴില്‍ ശക്തി പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിലും സൗദി അറേബ്യയുടെ വിഷന്‍ 2030 ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഹരിത പരിസ്ഥിതിയിലേക്കുള്ള ആഗോള പ്രവണത ഹരിത ജോലികളില്‍ ഗണ്യമായ വളര്‍ച്ചക്ക് സഹായിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ തൊഴില്‍, തൊഴില്‍ വിപണികളുടെ ഭാവിയില്‍ ഭൗമരാഷ്ട്രീയ മാറ്റങ്ങള്‍ ഇപ്പോള്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
തൊഴില്‍ വിപണി വികസനത്തെ വിദ്യാഭ്യാസ മേഖലാ നിക്ഷേപവുമായി ബന്ധിപ്പിച്ച സിംഗപ്പൂരിന്റേത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര അനുഭവങ്ങള്‍ ശ്രദ്ധേയമാണ്. തൊഴില്‍ വിപണികളെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണക്കായി രാജ്യങ്ങളും വ്യക്തികളും തമ്മില്‍ വൈദഗ്ധ്യ കൈമാറ്റം പ്രധാനമാണ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 75 രാജ്യങ്ങളിലേക്ക് എത്താന്‍ ലക്ഷ്യമിടുന്ന തകാമുല്‍ അക്കാദമിക്ക് സൗദി അറേബ്യ സമാരംഭം കുറിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
സാങ്കേതിക പുരോഗതി, ജനസംഖ്യാപരമായ മാറ്റങ്ങള്‍, വികസിച്ചുകൊണ്ടിരിക്കുന്ന നൈപുണ്യ ആവശ്യകതകള്‍ എന്നിവ കാരണം ആഗോള തൊഴില്‍ വിപണികള്‍ ദ്രുതഗതിയിലുള്ള പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ സ്ഥിരതയുള്ളതും സുസ്ഥിരവുമായ തൊഴില്‍ വിപണികള്‍ സൃഷ്ടിക്കാന്‍ മെച്ചപ്പെട്ട അന്താരാഷ്ട്ര സഹകരണവും ശക്തമായ അനുഭവസമ്പത്ത് കൈമാറ്റവും ആവശ്യമാണ്.
അന്താരാഷ്ട്ര തൊഴില്‍ വിപണി സമ്മേളനം നേതാക്കളെയും നയരൂപീകരണക്കാരെയും വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുന്ന ആഗോള വേദിയായി മാറിയിരിക്കുന്നു. ആധുനിക സാങ്കേതികവിദ്യകളുടെയും കൃത്രിമബുദ്ധിയുടെയും ദ്രുതഗതിയിലുള്ള വികാസത്തിന്റെ വെളിച്ചത്തില്‍ ദര്‍ശനങ്ങളും ആശയങ്ങളും കൈമാറ്റം ചെയ്യുന്നതിനപ്പുറം ഭാവിയിലെ മാറ്റങ്ങള്‍ക്ക് തൊഴില്‍ വിപണികളുടെ സന്നദ്ധത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രായോഗികവും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളതുമായ പരിഹാരങ്ങള്‍ വികസിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് അഹ്‌മദ് അല്‍റാജ്ഹി പറഞ്ഞു.
വ്യാപാര മേഖലയിലെ പരിവര്‍ത്തനങ്ങള്‍, തൊഴിലവസരങ്ങളില്‍ അവയുടെ സ്വാധീനം, അനൗപചാരിക സമ്പദ്വ്യവസ്ഥകള്‍, ആഗോള നൈപുണ്യ സംവിധാനങ്ങള്‍, ജോലികളില്‍ കൃത്രിമബുദ്ധിയുടെ സ്വാധീനം, പ്രതിസന്ധി ഘട്ടങ്ങളില്‍ തൊഴില്‍ ലഭ്യമാക്കല്‍, വഴക്കമാര്‍ന്ന തൊഴില്‍ വിപണികള്‍ കെട്ടിപ്പടുക്കല്‍ തുടങ്ങിയ നിരവധി പ്രധാന വിഷയങ്ങള്‍ സമ്മേളനം അഭിസംബോധന ചെയ്യും. ഭാവി സമ്പദ്വ്യവസ്ഥയുടെ മൂലക്കല്ലായി യുവാക്കളെ ശാക്തീകരിക്കുന്നതില്‍ സമ്മേളനം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. തൊഴില്‍ വിപണി പരിവര്‍ത്തനങ്ങളെ കുറിച്ചുള്ള ആഗോള സംഭാഷണം ശക്തിപ്പെടുത്താനും വൈവിധ്യമാര്‍ന്ന അന്താരാഷ്ട്ര അനുഭവങ്ങളില്‍ നിന്നും സമ്പ്രദായങ്ങളില്‍ നിന്നും പ്രയോജനം നേടാനും സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നതായും മാനവശേഷി, സാമൂഹിക വികസന മന്ത്രി വ്യക്തമാക്കി.
ലോകരാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ മന്ത്രിമാര്‍, നയരൂപകര്‍ത്താക്കള്‍, വിദഗ്ധര്‍ എന്നിവരുടെ വിശാലമായ പങ്കാളിത്തത്തോടെ മൂന്നാമത് ദ്വിദിന അന്താരാഷ്ട്ര തൊഴില്‍ വിപണി സമ്മേളനത്തിന് ഇന്ന് റിയാദില്‍ തുടക്കമായി. പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ തൊഴില്‍ വിപണികള്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പരിവര്‍ത്തനങ്ങളെയും വെല്ലുവിളികളെയും കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും.



