അൽ ഹസ: നാട്ടിൽ നിന്നും പുതിയ തൊഴിൽ വിസയിലെത്തി കരാറിൽ പറഞ്ഞ ജോലിയോ, ശരിയായ വേതനമോ ഇല്ലാതെ ദുരിതത്തിലായിരുന്ന തിരുവനന്തപുരം ആര്യനാട് സ്വദേശി പ്രശാന്ത് കുമാർ അവസാനം അൽ ഹസ്സയിലെ സാമൂഹ്യ പ്രവർത്തകരുടെ സഹായത്താൽ നാടണഞ്ഞു.2010 -2015 വർഷം ആര്യനാട് പഞ്ചായത്ത് കൊക്കോതല വാർഡ് മെമ്പർ കൂടിയായിരുന്നു പ്രശാന്ത് കുമാർ.
2023 ജൂലൈ അവസാനം അൽ ഹസ്സയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷ്യൻ വിസയിലെത്തിയ പ്രശാന്ത് അഞ്ചു മാസത്തോളം ശമ്പളം ലഭിക്കാതെ ദുരിതത്തിലും കടുത്ത മാനസിക പിരിമുറുക്കത്തിലുമായിരുന്നു. അങ്ങിനെയാണ് അൽ ഹസ്സ ഒ ഐ സി സി സെക്രട്ടറി അഫ്സൽ തിരൂർകാടിനെ പ്രശാന്ത് ബന്ധപ്പെടുന്നത്. വിഷയം അൽ ഹസ്സ ഒഐസിസി ഏറ്റെടുക്കുകയും, ഒഐസിസി ജീവകാരുണ്യ വിഭാഗം കൺവീനറും, സൗദി നാഷണൽ കമ്മിറ്റി അംഗവുമായ പ്രസാദ് കരുനാഗപ്പള്ളിയുടെയും, സഹ പ്രവർത്തകരായ നവാസ് കൊല്ലം, അഫ്സൽ എന്നിവരുടെയും സഹായത്താൽ നടത്തിയ നിയമ പോരാട്ടങ്ങൾക്കൊടുവിൽ പ്രശാന്തിന് ലഭിക്കാനുള്ള 5 മാസത്തെ ശമ്പളവും, മറ്റാനുകൂല്യങ്ങളും ലഭ്യമാക്കുകയും ചെയ്തു.
പ്രായമായ അമ്മയും ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്ന നിർധന കുടുംബത്തിൻറെയും സഹോദരന്റെ കുടുംബത്തിന്റെയും ഏക ആശ്രയമായ പ്രശാന്തിനു് ഒടുവിൽ അൽ ഹസ്സ ഒഐസിസി വഴി ഇന്ത്യൻ എംബസിയുടെയും, അൽ ഹസ്സ തൊഴിൽ വകുപ്പിന്റെയും സഹായത്തിലാണ് നാട്ടിലേക്ക് തിരിക്കാനായത്.
പ്രശാന്ത് കുമാറിന് ടിക്കറ്റടക്കമുള്ള യാത്രാരേഖകൾ പ്രസാദ് കരുനാഗപ്പള്ളി കൈമാറി.
ഒഐസിസി ദമ്മാം റീജ്യണൽ പ്രസിഡന്റ് ഇ കെ സലീം, റീജ്യണൽ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, റീജ്യണൽ വൈസ് പ്രസിഡന്റ് ശാഫി കുദിർ, റീജ്യണൽ കമ്മിറ്റി ട്രഷറർ പ്രമോദ് പൂപ്പാല, അൽ ഹസ ഒഐസിസി പ്രസിഡൻ്റ് ഫൈസൽ വാച്ചാക്കൽ, ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ, ഷിജോമോൻ വർഗ്ഗീസ്,നവാസ് കൊല്ലം, അർശദ് ദേശമംഗലം, അഫ്സൽ തിരൂർകാട് എന്നിവർ സംബന്ധിച്ചു.