ജിദ്ദ – എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കള്ള ടാക്സി സര്‍വീസ് നടത്തിയ 645 നിയമ ലംഘകരെ ഒരാഴ്ചക്കിടെ പിടികൂടിയതായി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. റമദാന് ഒമ്പതു മുതല്‍ പതിനാറു വരെയുള്ള ദിവസങ്ങളില്‍ ആഭ്യന്തര മന്ത്രാലയവുമായും ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ച് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി നടത്തിയ ശക്തമായ പരിശോധനകളിലാണ് ഇത്രയും നിയമ ലംഘകര്‍ കുടുങ്ങിയത്. കള്ള ടാക്സി സര്‍വീസിന് ഉപയോഗിച്ച 305 കാറുകളും കസ്റ്റഡിയിലെടുത്തു.
നിയമ വിരുദ്ധ ടാക്സികള്‍ തടയാനും യാത്രക്കാര്‍ക്ക് നല്കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ട് കള്ള ടാക്സി സര്‍വീസ് നടത്തുന്നവരെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി ശക്തമായ പരിശോധനകള്‍ നടത്തിവരികയാണ്. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് കള്ള ടാക്സി സര്‍വീസ് നടത്തുന്നവര്‍ക്ക് 5,000 റിയാല്‍ പിഴ ചുമത്തുകയും കാറുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്യും. യാത്രക്കാര്‍ക്ക് സുരക്ഷിതവും ഉയര്‍ന്ന ഗുണനിലവാരമുള്ള ഗതാഗത സേവനം ഉറപ്പുവരുത്തുന്നതിന് ശക്തമായ പരിശോധനകള്‍ തുടരുമെന്ന് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group