ജിദ്ദ – വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ലൈസന്‍സില്ലാതെ നിയമ വിരുദ്ധ ടാക്‌സി സര്‍വീസ് നടത്തുന്ന സ്വകാര്യ കാറുകള്‍ ഇനി മുതല്‍ കസ്റ്റഡിയിലെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. നിയമ വിരുദ്ധ കാറുകള്‍ കസ്റ്റഡിയിലെടുത്ത് യാര്‍ഡില്‍ സൂക്ഷിക്കാനുള്ള ചെലവുകള്‍ നിയമ ലംഘകരില്‍ നിന്നു തന്നെ ഈടാക്കും. ഇതിനു പുറമെ നിയമ ലംഘകര്‍ക്ക് 5,000 റിയാല്‍ തോതില്‍ പിഴ ചുമത്തുകയും ചെയ്യും. യാത്രക്കാര്‍ക്ക് സുരക്ഷിതവും വിശ്വസനീയവും സുഗമമവും സുഖകരവുമായ യാത്രാനുഭവം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് നിയമ വിരുദ്ധ ടാക്‌സികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്.
വിമാനത്താവളങ്ങളില്‍ നിയമ വിരുദ്ധ ടാക്‌സികള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനുമായി സഹകരിച്ച് ഇത്തരം വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുന്ന പുതിയ നടപടി ആരംഭിച്ചതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു. ഇതുവരെ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കള്ള ടാക്‌സി സര്‍വീസ് നടത്തി കുടുങ്ങുന്നവര്‍ക്ക് 5,000 റിയാല്‍ തോതില്‍ പിഴ ചുമത്തുക മാത്രമാണ് ചെയ്തിരുന്നത്. പിഴക്കു പുറമെ കാറുകള്‍ കസ്റ്റഡിയിലെടുക്കാനാണ് പുതിയ തീരുമാനം.
ലൈസന്‍സില്ലാതെ ടാക്‌സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി റമദാന്‍ ആദ്യ വാരത്തില്‍ രാജ്യമെങ്ങും നടത്തിയ ശക്തമായ പരിശോധനകളില്‍ 418 നിയമ ലംഘകര്‍ കുടുങ്ങിയിരുന്നു. നിയമാനുസൃത ഗതാഗത സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച അവബോധം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ‘ലൈസന്‍സില്ലാത്ത വാഹനത്തില്‍ കയറരുത്’ എന്ന ശീര്‍ഷകത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ആരംഭിച്ച കാമ്പയിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും ഊര്‍ജിതമായ പരിശോധനകള്‍ നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group