ദമാം – സൗദി അടക്കമുള്ള ജി സി സി രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസ് നിരന്തരം മുടക്കുന്നത് പ്രവാസികളോടും വെക്കേഷന്‍ സമയത്ത് ഫാമിലിയോടൊപ്പം ഗള്‍ഫ് രാജ്യങ്ങളിലേക്ക് പുറപ്പെടുന്നവര്‍ക്കും തിരിച്ചു നാട്ടിലേക്ക് മടങ്ങുന്നവരോടും ചെയ്യുന്ന കൊടും ക്രൂരതയാണെന്ന് സൗദി ഐ എം സി സി ഭാരവാഹികള്‍ പറഞ്ഞു.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരായ 300 ഓളം സീനിയര്‍ ക്യാബിന്‍ ക്രൂ അംഗങ്ങളാണ് രാജ്യവ്യാപകമായി മിന്നല്‍ പണിമുടക്ക് നടത്തിയത്. ജീവനക്കാരുടെ അപ്രതീക്ഷിത സമരത്തില്‍ ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങളാണ് റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നത്. അപ്രതീക്ഷിതമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്കില്‍പ്പെട്ട് വിവിധ വിമാന താവളങ്ങളില്‍ കുടുങ്ങി കിടക്കുന്നതും, യാത്ര മുടങ്ങിയതുമായ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും എത്രയും പെട്ടെന്ന് ബദല്‍ യാത്ര ഒരുക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം.ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളാണ് ഏറ്റവുമധികം എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാന സര്‍വ്വീസിനെ ആശ്രയിക്കുന്നത്. ഗള്‍ഫിലെ പല രാജ്യങ്ങളിലും നിലവിലുള്ള വിസ സമ്പ്രദായം അനുസരിച്ചു കൃത്യസമയത്ത് ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ ജോലി തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. അത്യാവശ്യ കാര്യങ്ങള്‍ക്ക് നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്ത യാത്രക്കാരും പ്രതിസന്ധിയില്‍പ്പെട്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ കേന്ദ്ര – കേരള സര്‍ക്കാറുകള്‍ ഉടനടി ഇടപ്പെട്ട് പ്രശ്‌നം പരിഹരിക്കണം. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സ്വകാര്യവത്കരണത്തിനു ശേഷം ഉണ്ടായ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും നീതിപൂര്‍വ്വമായി അതില്‍ പരിഹാരം കണ്ടെത്താനും കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. കുത്തക മുതലാളിമാരുടെ നയങ്ങള്‍ക്ക് കേന്ദ്ര ഗവര്‍മെന്റ് ഒത്താശ നല്‍കുന്നത് ഇത്തരം മേഖലകളില്‍ തൊഴിലാളികളെ നിര്‍ദയം ചൂഷണത്തിനു വിധേയമാക്കുന്നതിന് കോര്‍പ്പറേറ്റുകള്‍കള്‍ക്ക് അവസരം ഉണ്ടാക്കുന്നുണ്ട്. നിലവില്‍ സംജാതമായിട്ടുള്ള പ്രത്യേക പരിതസ്ഥിതിയില്‍ ഇടപ്പെട്ട് യാത്ര മുടങ്ങിയവര്‍ക്ക് പകരം സംവിധാനങ്ങള്‍ ഒരുക്കുകയും, ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ച് സമരം അവസാനിപ്പിക്കുന്നതിന് വേണ്ടിയുളള നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാരും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് മേനേജ്‌മെന്റും തയ്യാറാകണമെന്ന് സൗദി ഐ എം സി സി നേതാക്കളായ സൈദ് കള്ളിയത്ത് ഹനീഫ് അറബി , റാഷിദ് കോട്ടപ്പുറം ,സൈനുദ്ധീന്‍ അമാനി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു .