ഹായില്‍: പരിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കാനായി പുണ്യഭൂമിയിലേക്കുള്ള ബസ് യാത്രക്കിടെ കഠിനമായ ശ്വാസംമുട്ടല്‍ നേരിട്ട ഇറാഖില്‍ നിന്നുള്ള ഹജ് തീര്‍ഥാടകനെ എയര്‍ ആംബുലന്‍സില്‍ ഹായില്‍ കിംഗ് സല്‍മാന്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് നീക്കി. ബസില്‍ കര മാര്‍ഗം ഇറാഖില്‍ നിന്ന് പുണ്യഭൂമിയിലേക്ക് യാത്ര തിരിച്ച ഹജ് സംഘത്തില്‍ പെട്ട തീര്‍ഥാടകന് ഹായില്‍-മദീന റോഡിലെ അല്‍ഗസാലക്കു സമീപം വെച്ച് കഠിനമായ ശ്വസന പ്രശ്‌നങ്ങള്‍ നേരിടുകയായിരുന്നു. ഇതേ കുറിച്ച് ഹായില്‍ പ്രവിശ്യയിലെ എയര്‍ ആംബുലന്‍സ് കണ്‍ട്രോള്‍ റൂമിന് വിവരം ലഭിക്കുകയായിരുന്നു.
ഉടന്‍ തന്നെ തീര്‍ഥാടകന്‍ സഞ്ചരിച്ച ബസിന്റെ സ്ഥാനം നിര്‍ണയിച്ച് എയര്‍ ആംബുലന്‍സ് സംഘം ഹായില്‍-മദീന എക്‌സ്പ്രസ്‌വേയില്‍ എയര്‍ ആംബുലന്‍സ് ഇറക്കി തീര്‍ഥാടകനെ ആശുപത്രിയിലേക്ക് നീക്കുകയായിരുന്നു. എക്‌സ്പ്രസ്‌വേയില്‍ എയര്‍ ആംബുലന്‍സ് ഇറക്കാന്‍ ആവശ്യമായ ഗതാഗത നിയന്ത്രണം ട്രാഫിക് പോലീസ് ഏര്‍പ്പെടുത്തുകയും ചെയ്തു. എയര്‍ ആംബുലന്‍സില്‍ കിംഗ് സല്‍മാന്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെത്തിച്ച രോഗിയെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ സംഘം പരിശോധിച്ച് ആവശ്യമായ അടിയന്തിര ചികിത്സയും പരിചരണങ്ങളും നല്‍കി. ചികിത്സ പൂര്‍ത്തിയാക്കാന്‍ തീര്‍ഥാടകനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഇറാഖി തീര്‍ഥാടകന് ഏറ്റവും മികച്ച ചികിത്സയും ആരോഗ്യ പരിചരണങ്ങളും നല്‍കാന്‍ ഹായില്‍ ഗവര്‍ണര്‍ അബ്ദുല്‍ അസീസ് ബിന്‍ സഅദ് രാജകുമാരന്‍ നിര്‍ദേശിച്ചു.
പുണ്യഭൂമിയിലേക്കുള്ള യാത്രക്കിടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട ഇറാഖി തീര്‍ഥാടകനെ ഉടന്‍ തന്നെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് നീക്കുന്നതിന്റെയും ഹായില്‍-മദീന എക്‌സ്പ്രസ്‌വേയില്‍ എയര്‍ ആംബുലന്‍സ് ഇറങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സംഘത്തിലുണ്ടായിരുന്ന മറ്റൊരു ഇറാഖി തീര്‍ഥാടകന്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. തീര്‍ഥാടകരുടെ ആരോഗ്യ, സുരക്ഷ കാത്തുസൂക്ഷിക്കാന്‍ സൗദി ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളെ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പ്രശംസിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group