ജിദ്ദ- തീർഥാടകർക്ക് സേവനങ്ങൾ നൽകാനായി സൗദി അറേബ്യ എ.ഐ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ ത്വലാൽ ബിൻ ശൽഹൂബ് പറഞ്ഞു. ആഭ്യന്തര മന്ത്രാലയവും ഇതിനു കീഴിലെ സുരക്ഷാ വകുപ്പുകളും കൃത്രിമ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഹജ് കോൺഫറൻസിന്റെയും എക്‌സിബിഷന്റെയും ഭാഗമായി നടന്ന ‘തീർഥാടകരെ സേവിക്കുന്നതിൽ രാജ്യത്തിന്റെ ശ്രമങ്ങൾ എടുത്തുകാണിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക’് എന്ന സംവാദ സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീർഥാടകരിലേക്ക് എത്തിച്ചേരാനും അവരുടെ അവബോധം വർധിപ്പിക്കാനും നിർദേശങ്ങൾ പാലിക്കാൻ സഹായിക്കുന്ന സമഗ്ര വിവരങ്ങൾ നൽകാനും മന്ത്രാലയം വിവിധ മാധ്യമങ്ങൾ വഴി ഒന്നിലധികം ഭാഷകളിലുള്ള ആശയവിനിമയ സന്ദേശങ്ങൾ ഉപയോഗിക്കുന്നുണ്ട്. സ്വന്തം രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ വെച്ച് സൗദിയിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തീർഥാടകർക്ക് അവസരമൊരുക്കുന്ന മക്ക റൂട്ട് പദ്ധതി വിവിധ സർക്കാർ വകുപ്പുകളുമായുള്ള സഹകരണത്തിലൂടെയും സംയോജനത്തിലൂടെയും ആഭ്യന്തര മന്ത്രാലയം ഏഴു വർഷമായി നടപ്പാക്കുന്നു. എട്ടു രാജ്യങ്ങളിലെ 12 വിമാനത്താവളങ്ങളിലാണ് മക്ക റൂട്ട് പദ്ധതി കഴിഞ്ഞ വർഷം നടപ്പാക്കിയത്.
തീർഥാടകരെ സംരക്ഷിക്കുക, സുരക്ഷിതമായും എളുപ്പത്തിലും മനസ്സമാധാനത്തോടെയും തീർഥാടന കർമങ്ങൾ നിർവഹിക്കാൻ അവസരമൊരുക്കുക, സമാധാനത്തോടെയും സ്വസ്ഥതയോടെയും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുക എന്നീ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ പെർമിറ്റില്ലാതെ ഹജ് പാടില്ല എന്ന ശീർഷകത്തിലുള്ള ക്യാമ്പയിൻ ശ്രദ്ധേയമായ വിജയം കൈവരിച്ചു.
തീർഥാടകർക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിലും സുരക്ഷിതത്വത്തിലും ശാന്തതയിലും കർമങ്ങൾ നിർവഹിക്കാൻ അവരെ പ്രാപ്തരാക്കുന്നതിലും സൗദി ഭരണാധികാരികളുടെ താൽപ്പര്യവും പ്രതിബദ്ധതയും ഇത് പ്രതിഫലിപ്പിക്കുന്നു. ഭരണാധികാരികളുടെ മാർഗനിർദേശങ്ങൾ പാലിച്ച് സൗദി അറേബ്യ തീർഥാടകർക്ക് അസാധാരണമായ പരിചരണവും ശ്രദ്ധയും നൽകുന്നുണ്ടെന്നും ആവശ്യമായ എല്ലാ സേവനങ്ങളും സൗകര്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് സുരക്ഷിതവും സുഗമവുമായ ഹജ് യാത്ര ഉറപ്പാക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് വിശദീകരിച്ചു.



