റിയാദ്- ഞാനിപ്പോള്‍ എയറില്‍ നില്‍ക്കുന്ന അവസ്ഥയിലാണ്. ഞാന്‍ ഭീഷണിപ്പെടുത്തിയെന്ന കഥയാണ് നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത്. അഭിപ്രായം ആര്‍ക്കും പറയാം. സിനിമയുടെ റിവ്യൂ പറഞ്ഞതിലല്ല പ്രശ്‌നം. ഒരു പോസ്റ്റ് ഒരുപാട് സ്ഥലങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടു. അതിന്റെ പേരിലുണ്ടായ കോലാഹലങ്ങളില്‍ ഞാന്‍ ഒരു ഫോണ്‍ കോള്‍ ചെയ്തുപോയി. അതുവേണ്ടായിരുന്നു. അതിന്റെ പേരിലിപ്പോള്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. പൊട്ടാന്‍ പോകുന്ന മുല്ലപ്പെരിയാറിയാറിനെ കുറിച്ചൊന്നും ഇത്ര വലിയ ചര്‍ച്ചയല്ല. ഞങ്ങള്‍ക്കിപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ തുറന്നുനോക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
റിയാദ് അസീസിയ നെസ്‌റ്റോ ഹൈപര്‍മാര്‍ക്കറ്റില്‍ നെസ്‌റ്റോ ഗ്ലോബല്‍ 20 ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് പണി സിനിമ സംവിധായകനും നടനുമായ ജോജു ജോര്‍ജ് ഇങ്ങനെ പറഞ്ഞത്. തന്റെ ചിത്രമായ പണിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ട ആദര്‍ശ് എച്ച് എസ് എന്നയാളെ ജോജു ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. എട്ടാം ക്ലാസ് മുതല്‍ സിനിമ മോഹം കൊണ്ടുനടക്കുന്ന വ്യക്തിയാണ് ഞാന്‍. ആ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ ഭാഗമായി ഞാന്‍ ചെയ്ത മണ്ടത്തരങ്ങള്‍ക്കും നല്ലതിനും നിങ്ങള്‍ കയ്യടിച്ചു. എന്നെ വളര്‍ത്തിവലുതാക്കിയത് മലയാളികള്‍ മാത്രമാണ്. ആദ്യമായാണ് എന്റെ സിനിമക്ക് തിയേറ്ററുകളില്‍ ഇത്രയധികം സ്വീകരണം കിട്ടുന്നത്. സൗദിയില്‍ എനിക്ക് വലിയസ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സാഗര്‍ സൂര്യ, ജുനൈസ്, ബോബി കുര്യന്‍ എന്നിവരും ജോജുവിനൊപ്പമുണ്ടായിരുന്നു.