അബഹ – അസീര്‍ പ്രവിശ്യയിലെ പൈതൃക ഗ്രാമമായ രിജാല്‍ അല്‍മഇലെ ഹണി ഹട്ട് വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും അതുല്യ അനുഭവം സമ്മാനിക്കുന്നു. അബഹക്ക് പടിഞ്ഞാറ് 50 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന രിജാല്‍ അല്‍മഇലെ ഹണി ഹട്ട് പുരാതന ശിലാ ഭവനങ്ങളില്‍ തേനീച്ചക്കൂടുകള്‍ എങ്ങിനെ സൂക്ഷിച്ചിരുന്നു എന്നതിന്റെ തത്സമയ പ്രദര്‍ശനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. പ്രാദേശിക തേന്‍ ഇനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഹണി ഹട്ടില്‍ സന്ദര്‍ശകര്‍ക്ക് അവ ആസ്വദിക്കാനും അവയുടെ ചികിത്സാ, പോഷക ഗുണങ്ങളെ കുറിച്ച് അറിയാനും അവസരമുണ്ട്.
സംസ്‌കാരം, വിദ്യാഭ്യാസം, ഗ്രാമീണ വിനോദം എന്നിവ തമ്മിലുള്ള സംഗമസ്ഥാനമാണ് ഹണി ഹട്ട്. ആധികാരിക അസീര്‍ പൈതൃകത്തെ പ്രാദേശിക തേന്‍ വ്യവസായവുമായി സംയോജിപ്പിക്കുന്ന മുന്‍നിര ടൂറിസം അനുഭവമാണ് ഹണി ഹട്ട് സമ്മാനിക്കുന്നത്. ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന കേന്ദ്രമായി ഇത് വളരെ പെട്ടെന്ന് മാറി. ഏതാനും ഡസന്‍ ചതുരശ്ര മീറ്റര്‍ മാത്രം വലിപ്പമുള്ള ഈ കുടില്‍, രിജാല്‍ അല്‍മഇലെ ഇടതൂര്‍ന്ന മരങ്ങളും വര്‍ഷം മുഴുവനും വളരുന്ന സസ്യജാലങ്ങളും കൊണ്ട് സവിശേഷമായ ഏറ്റവും മനോഹരമായ താഴ്വരകളില്‍ ഒന്നില്‍ സ്ഥിതി ചെയ്യുന്നു. പ്രകൃതിയും പാരമ്പര്യവും പൈതൃകവും പരസ്പരം അലിഞ്ഞുചേരുന്നു എന്നതാണ് ഹണി ഹട്ടിനെ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നത്.
പ്രാദേശിക പരിസ്ഥിതിയില്‍ നിന്ന് ലഭിക്കുന്ന കല്ലും മരവും ഉപയോഗിച്ച് നിര്‍മിച്ച ഗ്രാമീണ വീടിനുള്ളില്‍ പരമ്പരാഗത തേനീച്ചക്കൂടുകള്‍ കാണുന്നതിലൂടെ ആരംഭിച്ച് തേന്‍ വിളവെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുന്ന അനുഭവം ഹണി ഹട്ട് സന്ദര്‍ശകര്‍ക്ക് നല്‍കുന്നു. തേനീച്ച വളര്‍ത്തലില്‍ പൂര്‍വ്വികര്‍ ഉപയോഗിച്ചിരുന്ന പരമ്പരാഗത ഉപകരണങ്ങള്‍ സന്ദര്‍ശകര്‍ക്ക് അടുത്തറിയാനും കഴിയും. ഇത് പ്രദേശത്തിന്റെ സ്വത്വവും ചരിത്രവും പ്രതിഫലിപ്പിക്കുന്ന ആധികാരിക അനുഭവം നല്‍കുന്നു. ലാളിത്യവും പ്രദേശത്തിന്റെ പ്രകൃതിവിഭവങ്ങളെ ആശ്രയിക്കുന്നതുമാണ് ഈ പദ്ധതിയുടെ സവിശേഷത. എന്‍ജിനീയര്‍ മുഹമ്മദ് അല്‍അല്‍മഇ തന്റെ ഗ്രാമീണ വീടിനെ ഹണി ഹട്ടായി രൂപാന്തരപ്പെടുത്തി വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയായിരുന്നു.
മനോഹരമായ പ്രകൃതിയാല്‍ ചുറ്റപ്പെട്ട രിജാല്‍ അല്‍മഇന്റെ പരിസ്ഥിതി ഭംഗി ഹണി ഹട്ട് എടുത്തുകാണിക്കുന്നു. ശിലാ വീടുകള്‍ക്കും സാംസ്‌കാരിക ചരിത്രത്തിനും പേരുകേട്ട രിജാല്‍ അല്‍മഅ് പൈതൃക ഗ്രാമത്തിലേക്കുള്ള സന്ദര്‍ശകരുടെ വിനോദസഞ്ചാര അനുഭവം പൂരകമാക്കിക്കൊണ്ട്, അസീര്‍ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയില്‍ ഹണി ഹട്ടിനെ ദേശീയ ടൂറിസം പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ദേശീയ ടൂറിസം ഭൂപടത്തില്‍ രിജാല്‍ അല്‍മഇന്റെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.