ജിദ്ദ – ഉത്തര ജിദ്ദയിലെ അബ്ഹുറില്‍ പ്രിന്‍സ് അബ്ദുല്‍ മജീദ് റോഡിന്റെ അവസാന ഭാഗത്ത് നിയമവിരുദ്ധമായി നിര്‍മിച്ച കൊട്ടാരസദൃശമായ ഭവനം ജിദ്ദ നഗരസഭ പൊളിച്ചുനീക്കി. പൊതുസ്ഥലം കൈയേറി നിര്‍മിച്ച കെട്ടിടമാണ് നഗരസഭ പൊളിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
നോര്‍ത്ത് അബ്ഹുറില്‍ അനധികൃതമായി കൈയേറി നിയമ ലംഘകര്‍ കൈവശം വെച്ച ആകെ 33 ലക്ഷം ചതുരശ്രമീറ്ററിലേറെ വിസ്തൃതിയുള്ള 48 പ്ലോട്ടുകള്‍ തിരിച്ചുപിടിച്ചതായി ജിദ്ദ നഗരസഭ വക്താവ് മുഹമ്മദ് അല്‍ബഖമി പറഞ്ഞു. ദക്ഷിണ ജിദ്ദയിലെ ഖുംറയില്‍ 35 ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലവും കൈയേറ്റം ഒഴിപ്പിച്ച് വീണ്ടെടുത്തിട്ടുണ്ട്. നിയമവിരുദ്ധ നിര്‍മാണങ്ങള്‍ ഇല്ലാതാക്കാനും കൈയേറ്റങ്ങള്‍ തടയാനും കൈയേറിയ സ്ഥലങ്ങള്‍ വീണ്ടെടുക്കാനും നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാനുമുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നഗരസഭ മുന്നോട്ടുപോവുകയാണെന്നും മുഹമ്മദ് അല്‍ബഖമി പറഞ്ഞു.